ചങ്ങരംകുളം: സംസ്ഥാന പാതയിലെ ചിയ്യാനൂരിൽ വാഹനങ്ങളുടെ കൂട്ടയിടി. ചിയ്യാനൂർ പാടത്ത് സിനിമാ തിയേറ്ററിന് മുന്നിലെ ചെറിയ ഹമ്പിൽ ശനിയാഴ്ച രാത്രി മൂന്നുവാഹനങ്ങളാണ് കൂട്ടിയിടിച്ചത്. സ്വിഫ്റ്റും മഹീന്ദ്ര ഥാറും എസ്.യു.വിയുമാണ് അപകടത്തിൽ പെട്ടത്.
സ്വിഫ്റ്റ് കാർ സെമിഹമ്പിന് മുന്നിൽ വേഗത കുറച്ചപ്പോൾ എസ്.യു.വിയും ഥാറും പിന്നിലായി കൂട്ടിയിടിക്കുകയായിരുന്നു. സ്വിഫ്റ്റ് തൃശൂരിൽ നിന്ന് തിരൂർ ഭാഗത്തേക്കും എസ്.യു.വി കോഴിക്കോടിനും ഥാർ തിരുവനന്തപുരത്ത് നിന്ന് ഗോവയിലേക്കും പോവുകയായിരുന്നു.
പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകളോ മതിയായ വെളിച്ചമോ ഇല്ലാത്തതാണ് ഇവിടെ അപകടങ്ങൾക്ക് കാരണം. ഏറെ കാലങ്ങളായി ഇവിടെ അപകടം പതിവാകുകയാണ്. പ്രദേശത്ത് പരിചിതമല്ലാത്ത വാഹനങ്ങളാണ് അപകടത്തിൽ പെടുന്നതിലേറെയും.