കൊണ്ടോട്ടി: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം ലക്ഷ്യമിട്ട് സാമൂഹികനീതി വകുപ്പ് സാമൂഹിക സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ‘വയോമിത്രം’ പദ്ധതി പ്രവര്‍ത്തന ഫണ്ടില്ലാത്തതിനാല്‍ അവതാളത്തിലേക്ക് നീങ്ങുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റ് വിഹിതം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി നഗരസഭ രംഗത്ത്. ഇക്കാര്യം ഉന്നയിച്ചുള്ള പ്രമേയം നഗരസഭ കൗണ്‍സില്‍ യോഗം പാസാക്കി. ഫണ്ട് കുറഞ്ഞതിനാല്‍ ‘വയോമിത്രം’ ക്ലിനിക്കുകളില്‍ മരുന്നുകള്‍ പോലും ലഭ്യമാക്കാനാകുന്നില്ലെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
നഗരസഭയില്‍ 2017 ല്‍ ആരംഭിച്ച പദ്ധതിയില്‍ 40 വാര്‍ഡുകളിലായി 23 ക്ലിനിക്കുകളാണുള്ളത്. ഇതിലൂടെ 4000ത്തോളം മുതിര്‍ന്ന പൗരന്മാര്ക്ക് സൗജന്യമായി വൈദ്യ പരിശോധനയും മരുന്നും നല്‍കുന്നുണ്ട്.
വയോജനങ്ങളുടെ മനസികോല്ലാസത്തിനായി ഓരോ ക്ലിനിക്കുകളിലും വ്യത്യസ്തമായ പദ്ധതികളും നടത്തുന്നുണ്ട്. നിലവില്‍ സര്‍ക്കാറില്‍ നിന്നുള്ള സാമ്പത്തിക സഹായം കുറഞ്ഞതോടെ ആവശ്യത്തിന് മരുന്നോ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനമോ ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. ഫിറോസ് അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാര്‍ ‘വയോമിത്രം’ പദ്ധതിക്ക് 27.5 കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്. ഇതില്‍ എട്ട് കോടി രൂപ മാത്രമാണ് സംസ്ഥാനത്തെ നഗരസഭകള്ക്കാകെ അനുവദിച്ചത്. നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ പദ്ധതി നടത്തിപ്പിന് തികയാത്ത സാഹചര്യമാണെന്നും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും നഗരസഭ ആവശ്യപ്പെട്ടു. കൗണ്‍സിലര്‍ വി.കെ. ഖാലിദ് പ്രമേയത്തെ പിന്താങ്ങി. അധ്യക്ഷ നിത ഷഹീര്‍ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ അഷ്റഫ് മടാന്‍, സ്ഥിരം സമിതി അധ്യക്ഷരായ സി. മിനിമോള്‍, ഫാത്തിമത്ത് സുഹറാബി, എ. മുഹിയുദ്ദീന് അലി, റംല കൊടവണ്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു.