പെരിന്തൽമണ്ണ: കക്കൂസ് മാലിന്യം പൊട്ടി ഒഴുകുന്നതായി നിരന്തരം പരാതി ഉയരുന്ന പെരിന്തൽമണ്ണ നഗരസഭയുടെ ലൈഫ് പാർപ്പിട സമുച്ചയത്തിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കാൻ അംഗീകാരം. തിങ്കളാഴ്ച ചേർന്ന നഗരസഭ അടിയന്തര കൗൺസിലാണ് അംഗീകാരം നൽകിയത്.
ഫ്ലാറ്റ് സമുച്ചയത്തിൽ നെറ്റ്വർക്കിങ് സംവിധാനത്തോട് കൂടിയ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റാണ് നിർമിക്കുക. പദ്ധതിക്ക് കൗൺസിൽ അംഗീകാരം നൽകുന്നത് നീണ്ടുപോയിരുന്നു. 200 കെ.എൽ.ഡി സംസ്കരണ ശേഷിയുള്ള സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കാൻ 2022-23 വാർഷിക പദ്ധതിയിൽ തുക വകയിരുത്തി പദ്ധതി ആവിഷ്കരിച്ചിരുന്നു. തുടർ നടപടികൾ സ്വീകരിക്കുന്ന ഘട്ടത്തിൽ ശുചിത്വ മിഷനും സംസ്ഥാന സർക്കാന്റും പ്രോജക്ടുകൾ പരിശോധിക്കുകയും ഡി.ബി.ഒ.ടി പദ്ധതിയാക്കി പൂർത്തിയാക്കണമെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
അതുപ്രകാരം പദ്ധതിയുടെ ഡിസൈൻ ആവിഷ്കരിക്കുകയും നിർമാണം പൂർത്തിയാക്കി പ്രവൃത്തിപ്പിച്ച ശേഷം കൈമാറുന്ന ഡിസൈൻ, ബിൽഡ് ഓപറേറ്റ് ട്രാൻസ്ഫർ രീതിയിലേക്ക് മാറ്റേണ്ടി വരികയും ചെയ്യും. സാങ്കേതികമായ കാലതാമസം ഇതിനുണ്ടാവും.
മൂന്നുവർഷത്തിലേറെയായി ഒലിങ്കരയിലെ പാർപ്പിട സമുച്ചയത്തിൽ 220ൽപരം കുടുംബങ്ങൾ താമസിക്കുന്നു. ഇവിടെ പാർപ്പിട സമുച്ചയത്തോടൊപ്പം സ്ഥാപിച്ച ടാങ്കുകൾ നിറഞ്ഞ് കവിഞ്ഞ് പുറത്തേക്ക് ഒഴുകുകയും പരിസരം വൃത്തികേടായി ആരോഗ്യ പ്രശ്നങ്ങൾ ഉയരുകയും ചെയ്യുന്നുണ്ട്.
കുടുംബങ്ങൾ നഗരസഭക്കും ആരോഗ്യ വിഭാഗത്തിനുമെതിരെ നിരവധി തവണ രംഗത്തുവന്നതാണ്. സീവേജ് ട്രീറ്റ്മന്റെ് പ്ലാൻറ് രൂപ കൽപന ചെയ്തിട്ടുണ്ടെന്നും അത് പൂർത്തിയായാൽ പരിഹാരമാവുമെന്നുമാണ് നഗരസഭ പറഞ്ഞിരുന്നത്.