പൊന്നാനി: പൊന്നാനിയിൽ കടൽഭിത്തി നിർമാണത്തിന് തുടക്കമായി. മരക്കടവിലും പാലപ്പെട്ടിയിലുമാണ് നിർമ്മാണം ആരംഭിച്ചത്. മൺസൂണിന് മുമ്പേ നിർമ്മാണം പൂർത്തീകരിക്കാനാണ് തീരുമാനം. പത്ത് കോടി രൂപ ചിലവിൽ 1084 മീറ്റർ നീളത്തിലാണ് കടൽഭിത്തി നിർമിക്കുക.
പൊന്നാനി മരക്കടവിൽ 300 മീറ്റർ ഭാഗത്തെ നിർമാണത്തിനാണ് ആദ്യഘട്ടത്തിൽ തുടക്കമായത്. ഈ ഭാഗത്ത് 600 മീറ്റർ ആണ് ആകെ കല്ലിടുക. ഇതിൽ നൂറുമീറ്ററിലെ പ്രവൃത്തികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു. പാലപ്പെട്ടിയിലും കല്ലിടൽ ആരംഭിച്ചു.നിർമാണത്തിനുള്ള കല്ലുകൾ മരക്കടവ് ഭാഗത്ത് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. പൊന്നാനി നഗരസഭയിലെ അലിയാർ പള്ളി മുതൽ മരക്കടവ് വരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറയിൽ 234 മീറ്ററും പെരുമ്പടപ്പ് പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാൻ ഭാഗത്ത് 250 മീറ്റർ നീളത്തിലുമാണ് കടൽഭിത്തി നിർമ്മിക്കുക.
ശക്തമായ കടലാക്രമണ ഭീഷണി നേരിടുന സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളിൽ ഒന്നായ പൊന്നാനിയുടെ തീരസംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നൽകി ഭിത്തി നിർമിക്കാൻ ഫണ്ട് അനുവദിക്കണമെന്ന് പി. നന്ദകുമാർ എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതേ സമയം തീരത്ത് ടെട്രോ പാഡ് നിർമിക്കുന്നതിനുള്ള രൂപകൽപന നാഷനൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ നേതൃത്വത്തിൽ തയാറാകുന്നുണ്ട്.