മേലാറ്റൂർ: ഒന്നേകാൽ നൂറ്റാണ്ടുമുമ്പുള്ള കേരളത്തിൽനിന്ന് പുതിയ കേരളത്തിന്റെ പിറവിയിലേക്ക് കാലെടുത്തുവെച്ചപ്പോൾ പിന്നിട്ട ചരിത്ര സംഭവങ്ങളാണ് കോട്ടക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർഥികളായ അഞ്ജുവും ഷഹനത്ത് മറിയവും നിശ്ചല രൂപകൽപനയിൽ വരച്ചിട്ടത്.
1896ലെ അയ്യങ്കാളിയുടെ വില്ലുവണ്ടി സമരം, 1917 മേയ് 29ലെ മിശ്രഭോജനം, ആധുനിക കാലത്തെ മഹാഅത്ഭുതമെന്ന് ഗാന്ധിജി വിശേഷിപ്പിക്കുകയും 1936 നവംബർ 12ന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ നടപ്പാക്കുകയും ചെയ്ത ക്ഷേത്രപ്രവേശന വിളംബരം, നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി 1929 ഡിസംബറിൽ തൃശൂരിൽ അരങ്ങേറിയ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന വി.ടി. ഭട്ടതിരിപ്പാടിന്റെ നാടകം, അയ്യങ്കാളി ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ പഞ്ചമി എന്ന ദലിത് പെൺകുട്ടിയെയും കൂട്ടി സ്കൂൾ പ്രവേശനം നടത്തുന്നത്, ടി.കെ. മാധവന്റെ നേതൃത്വത്തിൽ 1924ൽ നടന്ന വൈക്കം സത്യഗ്രഹം, 1925 മാർച്ച് പത്തിന് ഗാന്ധിജി അവിടം സന്ദർശിക്കുന്നത് തുടങ്ങി കേരള ചരിത്രത്തിലെ ഏതാനും ചരിത്ര മുഹൂർത്തങ്ങളാണ് നിശ്ചല രൂപകൽപനയിലുള്ളത്.
ഇതിൽനിന്ന് രൂപമെടുത്ത ആധുനിക കേരളത്തിന്റെ വളർച്ചയും സാമൂഹികവും വിദ്യാഭ്യാസ പരവുമായ മാറ്റങ്ങളും ദലിത്, പിന്നോക്ക വിഭാഗങ്ങൾ ആർജിച്ച അവകാശങ്ങളും കോറിയിട്ടിരിക്കുന്നു വിദ്യാർഥികൾ. സാമൂഹികപാഠപുസ്തകത്തിൽ ചെറിയ ക്ലാസുകൾ മുതൽ പഠിച്ചുപോവുന്നതാണ് ഈ സംഭവങ്ങളെല്ലാം.