കാളികാവ്: കൂരിരുട്ടിന്റെ മറവിൽ ആനയും കടുവയുമെത്തുമോ എന്ന പേടിയിൽ കഴിയുകയാണ് ചോക്കാട് ചിങ്കക്കല്ല് ആദിവാസി നഗറിലെ കുടുംബങ്ങൾ. വനത്താൽ ചുറ്റപ്പെട്ട ചിങ്കക്കല്ലിൽ തെരുവുവിളക്കുകൾ കൂടി പ്രകാശിക്കാത്തത് ഭയം ഇരട്ടിപ്പിക്കുന്നു. ഇവിടത്തെ ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചിട്ട് ഒരുവർഷം കഴിഞ്ഞു. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് പ്രകാശിച്ചത് ആകെ ആഴ്ചകൾ മാത്രം. രാത്രിയിൽ തീയിട്ടും പടക്കം പൊട്ടിച്ചുമാണ് ആനകളെ ഇവർ തുരത്തുന്നത്.
ആനകൾ എത്തുന്നത് കാണാൻ വെളിച്ചമില്ലാത്തതാണ് ഏറ്റവും വലിയ ഭയം. ആനയും മറ്റുമൃഗങ്ങളും എത്തുന്നത് മുൻകൂട്ടി കാണാൻ യാതൊരു മാർഗവുമില്ല. പഞ്ചായത്ത് ചെലവിൽ 2022ൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റ് പോലും കത്തിയത് ആകെ ഒരാഴ്ച. വൈദ്യുതി തൂണുകളിൽ നേരത്തെ സ്ഥാപിച്ച വിളക്കുകളും കത്തുന്നില്ല.
വേനൽക്കാലമായാൽ ചോലയിൽനിന്ന് വെള്ളം കുടിക്കാൻ കാട്ടാനകൾ കൂട്ടത്തോടെയാണ് എത്താറുള്ളത്. എത്രയോ തവണ തലനാരിഴക്കാണ് പലകുടുംബങ്ങളും രക്ഷപ്പെട്ടത്.
ആദിവാസി നഗറിന് ചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുതിവേലി പാടെ നശിച്ചു. അതിനാൽ തന്നെ ആനകളെ തടയാനുള്ള യാതൊരുമാർഗവും നിലവിലില്ല. പലതവണ പഞ്ചായത്ത് അധികൃതരോട് പറഞ്ഞെങ്കിലും പരിഹാരമില്ല. ആദിവാസി കുടുംബങ്ങളിൽ ചിലർ അന്തിയുറങ്ങുന്നത് പ്ലാസ്റ്റിക് ഷെഡിലാണ്. അതിനിടെ വനം വകുപ്പിന്റെ ചെലവിൽ രണ്ടിടങ്ങളിൽ ചെറിയ സോളാർ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ കുറഞ്ഞ പ്രകാശം മാത്രമാണ് ലഭിക്കുന്നത്.