പൊന്നാനി: പൊന്നാനി തീരദേശ മേഖലയിൽ ചിത്രീകരിച്ച പൊന്നാനിക്കാരന്റെ സിനിമ ഐ.എഫ്.എഫ്.കെയിലേക്ക്. പൊന്നാനി സ്വദേശി ഫാസിൽ മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’യാണ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ കേരളയിൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്. പൊന്നാനിയിലാണ് പൂർണമായും ചിത്രീകരിച്ചത്. നവമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ‘ട്യൂഷൻ വീടി’ന്റെ സംവിധായകനാണ് ഫാസിൽ മുഹമ്മദ്.
ഫാസിൽ സംവിധാനം ചെയ്ത ‘ഖബർ’ ഷോർട് ഫിലിം ദുബൈ ഇന്റർനാഷനൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമക്കുള്ള പുരസ്കാരം, കേരള യുവജന ക്ഷേമ ബോർഡ് പുരസ്കാരം എന്നിവ നേടിയിരുന്നു. ‘കാതൽ’, ‘ശ്രീധന്യ കാറ്ററിങ്’ എന്നീ സിനിമകളിൽ അഭിനയിച്ച കുമാർ സുനിൽ, നേരത്തെ ഐ.എഫ്.എഫ്.കെയിൽ മികച്ച അഭിപ്രായം നേടിയ ‘1001 നുണകളിൽ’ അഭിനയിച്ച ഷംല ഹംസ എന്നിവരും ‘ട്യൂഷൻ വീടി’ലെ അഭിനേതാക്കളും പൊന്നാനിക്കാരായ പുതുമുഖങ്ങളുമാണ് അഭിനേതാക്കൾ. 1001 നുണകളുടെ സംവിധായകൻ താമർ, സുധീഷ് സ്കറിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ആദ്യ സിനിമ തന്നെ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുന്നതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ