തിരൂർ: തിരൂർ ജില്ല ആശുപത്രിയിലെ പരിമിതികൾ പരിഹരിച്ച് പൂർണ സജ്ജമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സ്ഥലപരിമിതിയും ജീവനക്കാരുടെ കുറവുമാണ് ആശുപത്രി ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം.
അടിസ്ഥാന സൗകര്യം വർധിപ്പിക്കാനും പൊതുജനങ്ങൾക്ക് കൂടുതൽ സേവനം ലഭ്യമാക്കാനും ജനറൽ ആശുപത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എ നിയമസഭയിൽ നടത്തിയ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ആശുപത്രിയിൽ പ്രതിദിനം ശരാശരി രണ്ടായിരത്തിലധികം ആളുകൾ ചികിത്സ തേടുന്നു. ഇതിൽ 140 ഓളം പേരെ കിടത്തി ചികിത്സിക്കുന്നു.
പ്രതിദിനം ശരാശരി 13 പ്രസവങ്ങൾ ആശുപത്രിയിൽ നടക്കുന്നുണ്ട്. വിവിധ സ്പെഷാലിറ്റി സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾ, കൃത്രിമ അവയവ യൂനിറ്റ്, ഫിസിയോതെറപ്പി യൂനിറ്റ് തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതെല്ലാം ഉൾക്കൊള്ളാനുള്ള സൗകര്യം നിലവിലില്ല. മുപ്പത്തിയേഴര കോടി രൂപ മുടക്കി നബാർഡിന്റെ സഹായത്തോടെ നിർമിച്ച കെട്ടിടത്തിന് ഫയർ ആൻഡ് സേഫ്റ്റിയുടെ അനുമതി ലഭിക്കാത്തതിനാൽ ഇതുവരെയും നമ്പർ ലഭിച്ചിട്ടില്ല.
പ്രസ്തുത കെട്ടിടം പ്രവർത്തിപ്പിക്കാൻ സാധിച്ചാൽ തിരൂർ ജില്ല ആശുപത്രിയിലെ സ്ഥലപരിമിതിക്ക് പരിഹാരമാവും. നിലവിൽ 44 ഡോക്ടർമാർ ഉൾപ്പെടെ 213 സ്ഥിരം ജീവനക്കാരും 115 താൽക്കാലിക ജീവനക്കാരും ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.
ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം അനുസരിച്ച് ഇത് അപര്യാപ്തമാണ്. അതിനാൽ കൂടുതൽ തസ്തികകൾ സൃഷ്ടിച്ച് ഡോക്ടർമാരുടെയും ജീവനക്കാരുടെയും എണ്ണം വർധിപ്പിക്കും.
ജനറൽ ആശുപത്രി പദവി നൽകിയില്ലെങ്കിലും ജില്ല ആശുപത്രിക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും സംവിധാനങ്ങളും നൽകി തിരൂർ ജില്ല ആശുപത്രിയെ പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ സജ്ജമാക്കുമെന്ന് ആരോഗ്യ മന്ത്രി എം.എൽ.എക്ക് മറുപടി നൽകി.