നിലമ്പൂർ: കനത്ത മഴയും റോഡ് നവീകരണവും കാരണം റോഡിൽ വെള്ളം കെട്ടിനിന്ന് നിലമ്പൂർ ടൗണിൽ ഗതാഗതം തടസ്സപ്പെട്ടു. അന്തർസംസ്ഥാന യാത്രക്കാർ ഉൾപ്പെടെ നിരവധി വാഹന യാത്രക്കാർ കുരുക്കിൽ അകപ്പെട്ടു. ജ്യോതിപ്പടി മുതൽ ജനതപ്പടി വരെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ചന്തക്കുന്ന് ഭാഗത്തും ഗതാഗതം തടസ്സമുണ്ടായി. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ തുടങ്ങിയ ശക്തമായ മഴ മണിക്കൂറുകളോളം നീണ്ടു. ടൗൺ നവീകരണത്തിന്റെ ഭാഗമായി ജ്യേതിപ്പടി മുതൽ പോസ്റ്റ് ഓഫിസ് വരെ റോഡ് പൊളിച്ച് പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. റോഡിൽ പുതുതായി സോളിങ് ഇട്ട ഭാഗങ്ങളിൽ കുണ്ടും കുഴിയുമാണ്. പൊലീസ് സ്റ്റേഷൻ മുതൽ പോസ്റ്റ് ഓഫിസ് വരെ അര കിലോമീറ്ററോളം വാഹന സഞ്ചാരം ഏറെ ദുഷ്കരമാണ്.
ജനതപ്പടിയിൽ പുതുതായി നിർമിച്ച കലുങ്കിന് സമീപം കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളോളമായി. ഗതാഗത പ്രശ്നമുള്ളതിനാൽ രാത്രിയാണ് റോഡ് പ്രവൃത്തി നടക്കുന്നത്. എന്നാൽ, റോഡ് തകർന്നു കിടക്കുന്നതിനാൽ പകലും ഗതാഗതം കുരുക്ക് പതിവാണ്.