അരീക്കോട്: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവതിയുടെ ഭർത്താവും പിടിയിൽ. വാക്കാലൂർ കളത്തിങ്ങൽ വീട്ടിൽ ശുഹൈബിനെയാണ് (27) അരീക്കോട് എസ്.എച്ച്.ഒ വി. ഷിജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ നവീൻ ഷാജ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ ഏഴിനായിരുന്നു സംഭവം. തിരൂരങ്ങാടി സ്വദേശിയായ യുവാവിനെ മൂന്നംഗ സംഘം വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ കുടുക്കുകയായിരുന്നു.
ശുഹൈബിന്റെ ഭാര്യ വാക്കാലൂർ കളത്തിങ്ങൽ വീട്ടിൽ അൻസീന (29), സഹോദരൻ ഷഹബാബ് (29) എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന ശുഹൈബ് ഇതിനിടെ കോഴിക്കോട്ടെത്തി മറ്റൊരു തട്ടിപ്പും നടത്തി.
മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയായ വീട്ടമ്മയിൽ നിന്ന് ആഭരണം പണയം വെച്ച് തരാമെന്ന് പറഞ്ഞ് 25,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഈ കേസിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി ഞായറാഴ്ച വാക്കാലൂരിലെ വീട്ടിലെത്തിയ വിവരം അരീക്കോട് പൊലീസിന് ലഭിച്ചത്.
പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് സമീപത്തെ ക്വാറിയിൽ നിന്നാണ് പിടികൂടിയതെന്ന് അരീക്കോട് എസ്.എച്ച്.ഒ വി. ഷിജിത്ത് പറഞ്ഞു. മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാഹുലൻ, സാജിദ്, സനൂപ് എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്.