പൂക്കോട്ടൂര്‍: കിണറ്റില്‍ അകപ്പെട്ട വയോധികയെയും രക്ഷിക്കാനിറങ്ങിയ രണ്ട് യുവാക്കളെയും സുരക്ഷിതരായി കരക്കെത്തിച്ച് അഗ്നി രക്ഷ സേന മഞ്ചേരി യൂനിറ്റ്.
പുല്ലാര മൂച്ചിക്കല്‍ പരേതനായ ചെമ്പ്രമ്മല്‍ അറമുഖന്റെ ഭാര്യ മാത (83) ആണ് അബദ്ധത്തില്‍ വീടിനടുത്ത ഒഴിഞ്ഞ പറമ്പിലെ കിണറ്റില്‍ വീണത്.
സംഭവമറിഞ്ഞ് അയല്‍വാസികളായ രണ്ട് യുവാക്കള്‍ രക്ഷിക്കാനായി ഇറങ്ങിയെങ്കിലും മൂന്നു പേര്‍ക്കും പുറത്തെത്താനായില്ല. തുടര്‍ന്ന് നാട്ടുകാര്‍ മഞ്ചേരി അഗ്നിരക്ഷ നിലയത്തില്‍ വിവരമറിയിക്കുകയായിരുന്നു.
സേനയിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ കെ. പ്രതീഷ് കിണറ്റിലിറങ്ങി വല ഉപയോഗിച്ച് മൂന്ന് പേരെയും സുരക്ഷിതരായി കരക്കെത്തിച്ചു. പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം മൂന്നു പേരേയും മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ചു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ അരുണ്‍ ബാബു, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ അബ്ദു ഷമീം, എം.വി. അജിത്, അഷറഫുദ്ദീന്‍, കെ.കെ. പ്രജിത്ത്, രഞ്ജിത്ത്, ജോജി ജേക്കബ്, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ ഹുസ്നി മുബാറക്, അജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പൂക്കോട്ടൂര്‍ മൂച്ചിക്കലില്‍ കിണറ്റില്‍ അകപ്പെട്ട വയോധികയെ അഗ്നിരക്ഷ സേന പുറത്തെത്തിക്കുന്നു