പയ്യനാട്: സ്വന്തം തട്ടകത്തിൽ ആദ്യ ജയം തേടിയിറങ്ങിയ മലപ്പുറത്തിന് വീണ്ടും കാലിടറി. പയ്യനാട് സ്റ്റേഡിയത്തിലേക്ക് ടീമിന്റെ വിജയം ആഘോഷിക്കാൻ ഒഴുകിയെത്തിയ പതിനായിരങ്ങൾക്ക് വീണ്ടുമൊരിക്കൽ കൂടി കണ്ണീർ മടക്കം. ബുധനാഴ്ച നടന്ന സൂപ്പർ ലീഗ് കേരളയിലെ നാലാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്സാണ് മലപ്പുറത്തിന്റെ വിജയ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. ഹോം ഗ്രൗണ്ടിലും വെള്ള നിറത്തിലുള്ള എവേ ജഴ്സിയണിഞ്ഞാണ് മലപ്പുറം കളിക്കിറങ്ങിയത്. എന്നാൽ ഇതുവരെ ഹോം ഗ്രൗണ്ടിൽ ഗോൾ നേടിയില്ലെന്ന പരാതി മലപ്പുറത്തുകാരൻ ഫസലുറഹ്മാന്റെ ഗോളിലൂടെ മലപ്പുറം പരിഹരിച്ചു. കളിയുടെ 41ാം മിനുട്ടിലാണ് ഗാലറിയെ ഒന്നടങ്കം ആവേശം കൊടുമുടിയിലെത്തിച്ച നാട്ടുകാരുടെ പ്രിയപ്പെട്ട പാച്ചുവിന്റെ മഴവില്ലഴകുള്ള ഗോൾ പിറന്നത്.
കാത്തിരിപ്പിന് അറുതിവരുത്തിയ ആ ഗോളിനൊപ്പം ഫുട്ബാളിനെ നെഞ്ചിലേറ്റിയ ഒരു ജനത ഒന്നടങ്കം താളം ചവിട്ടി. ആദ്യ പകുതിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന കണ്ണൂർ വാരിയേഴ്സിന് രണ്ടാം പകുതിയിൽ കളിയുടെ ഒഴുക്ക് നഷ്ടമായി. ഹാഫ് ടൈമിന് ശേഷം മലപ്പുറം ആക്രമണം കടുപ്പിച്ചെങ്കിലും ഗോൾ മാത്രം വിട്ടുനിന്നു. കണ്ണൂർ വാരിയേഴ്സിന്റെ ഗോൾമുഖം നിരന്തരം വിറച്ചു കൊണ്ടിരുന്നു. അതിനൊത്ത് മലപ്പുറത്തിന്റെ ആരാധകർ ഗാലറിയിൽ നിന്നും ആവേശം പകർന്ന് കൂടെ നിന്നു. പന്ത്രണ്ടായിരത്തിലധികം പേരാണ് ഇന്നലെ കളി കാണാനെത്തിയത്. ഗാലറിയിൽ അങ്ങിങ്ങായി കണ്ണൂരിന്റെ ആരാധകരും ഇടം പിടിച്ചിരുന്നു
റഫറിമാർക്കെതിരെ പ്രകോപനവുമായി കാണികൾ
കണ്ണൂരും മലപ്പുറവുമായുള്ള വാശിയേറിയ മത്സരത്തിന് ശേഷം റഫറിമാർക്കെതിരെ പ്രകോപനവുമായി കാണികൾ. കളി തീരാൻ മിനിറ്റുകൾ ബാക്കി നിൽക്കെ മലപ്പുറം താരം ബുജൈർ ബോക്സിൽ വീണതിന് ഫൗൾ അനുവദിക്കാത്തതിനെ തുടർന്ന് ആരാധകർ ഗാലറിയിൽനിന്ന് രോഷം പ്രകടിപ്പിച്ചു. കളികഴിഞ്ഞ് മടങ്ങിയ റഫറിയെ കാണികൾ കൂകി വിളിച്ചു. പലരും വെള്ളക്കുപ്പികൾ എറിഞ്ഞു. റഫറിയെ ഡ്രസ്സിങ് റൂമിലെത്തിക്കാൻ വളന്റിയർമാർ പാടുപെട്ടു. മോശം റഫറിയിങിനെതിരെ പരാതി നൽകുമെന്ന് മലപ്പുറം ഫുട്ബാൾ ക്ലബ് അധികൃതർ പറഞ്ഞു.
വി.വി.ഐ.പി ഗാലറിയിൽ നിന്നാണ് കാണികൾ പ്രതിഷേധം രേഖപ്പെടുത്തിയത്. 65ാം മിനിറ്റിൽ ബോക്സിനു പുറത്തു നിന്ന് ബെയ്റ്റിയ തൊടുത്ത ഫ്രീകിക്ക് ഐദർ അലദൂർ വലയിലാക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചിരുന്നു. ഇതാണ് കാണികളുടെ മറ്റൊരു പ്രകോപന കാരണം. ഇതിനിടെ റഫറിമാരോട് മോശമായി പെരുമാറിയതിന് മലപ്പുറം കോച്ച് ജോൺ ഗ്രിഗറിക്കും മറ്റൊരു ഒഫീഷ്യലിനും യെല്ലോ കാർഡ് ലഭിച്ചു.
സുരേഷ് ദേവരാജ്, എ. ചോളൻ, ജെ. സുനിൽകുമാർ, റഫീഖ് ബാബു മണ്ണമ്പറമ്പത്ത് എന്നിവരായിരുന്നു കളി നിയന്ത്രിച്ചിരുന്നത്. ഇവരെ വളന്റിയർമാർ സുരക്ഷിതമായി പുറത്തെത്തിച്ചു.