കാളികാവ്: മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടു പന്നികളെ വെടിവെച്ചു കൊന്നു. വേട്ടനായ്ക്കളുടെ സഹായത്തോടെയാണ് ഒമ്പത് പന്നികളെ വേട്ടയാടിയത്. ഇടവേളക്ക് ശേഷം കാട്ടുപന്നികൾ കാർഷിക വിളകൾ നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് വനം അധികൃതരുടെ അനുമതിയോടെ കർഷകക്കൂട്ടായ്മ കാട്ടുപന്നി വേട്ട ശക്തമാക്കിയത്. ഒട്ടേറെ കർഷകർക്കും ഇതിനകം പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കൊന്ന പന്നികള ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ പരിശോധനക്ക് ശേഷം കുഴിച്ചുമൂടി.
പന്നിയാക്രമണം രൂക്ഷമായതിനാൽ പ്രദേശത്ത് ഒട്ടേറെ കർഷകർ ഇതിനകടം കൃഷി ഉപേക്ഷിച്ചു. പന്നിവേട്ടക്ക് ഉത്തരവിടാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അധികാരം നൽകുന്ന നിയമം അടുത്തിടെയാണ് നിലവിൽ വന്നത്. ഇതോടെ കാളികാവ്, ചോക്കാട് പഞ്ചായത്തുകളിൽ 60 ലേറെ പന്നികളെ കൊന്നുടുക്കി.
പാലക്കാട് മലബാർ ആർമറി സ്ഥാപന ഉടമ പി.എസ്. ദിലീപ് മേനോൻ, പാലക്കാട് റൈഫിൾ ക്ലബ് സെക്രട്ടറി, വി. നവീൻ, അലി ബാപ്പു, എം.എം. സക്കീർ കർഷക പ്രതിനിധി അർഷദ് ഖാൻ പുല്ലാണി തുടങ്ങിയവരാണ് വേട്ടക്ക് നേതൃത്വം നൽകിയത്.