നിലമ്പൂർ: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നാടുകാണി ചുരം വഴി ലഹരി വസ്തുക്കള്‍ കൊണ്ടുവരുന്നത് തടയാനായി വഴിക്കടവ് ആനമറിയില്‍ സ്പെഷൽ പൊലീസ് ചെക് പോസ്റ്റ് സ്ഥാപിച്ചു. ഓണത്തോടനുബന്ധിച്ച് മദ്യം, സ്പിരിറ്റ്, രാസ ലഹരി, ലഹരി പദാര്‍ഥങ്ങള്‍, കഞ്ചാവ് എന്നിവ എത്തിക്കുന്നത് പിടികൂടുകയാണ് ലക്ഷ്യം. ആനമറിയിലെ എക്സൈസ് ചെക് പോസ്റ്റിന് സമീപം ഒരുക്കിയ താൽക്കാലിക സംവിധാനത്തിലാണ് പൊലീസുകാര്‍ പരിശോധന നടത്തുന്നത്.
നിലമ്പൂര്‍ സര്‍ക്കിള്‍ ഓഫിസിന്റെ പരിധിയിലെ പൊലീസ് സ്റ്റേഷനില്‍ നിന്നുളള എസ്.ഐ, നാല് പൊലീസുകാര്‍ എന്നിവരാണ് ദിവസവും ചെക്പോസ്റ്റിൽ ഡ്യൂട്ടിക്ക് ഉണ്ടാവുക. 24 മണിക്കൂറും ഇത് പ്രവർത്തിക്കും. ചുരം ഇറങ്ങിവരുന്ന ചെറുതുംവലുതുമായ എല്ലാവാഹനങ്ങളും പരിശോധിക്കും. കടന്നുവരുന്ന വാഹനങ്ങളുടെ നമ്പറുകളും ഡ്രൈവർമാരുടെ ഫോൺ നമ്പറുകളും രേഖപ്പെടുത്തുന്നുണ്ട്.
സാധാരണയായി എല്ലാവർഷവും ഓണത്തിന് ഒരുമാസത്തോടടുത്ത് സ്പെഷൽ ചെക് പോസ്റ്റ് സ്ഥാപിക്കാറുണ്ട്. ഇത്തവണ ഏറെ വൈകിയാണ് സ്ഥാപിച്ചത്. ചെക്പോസ്റ്റ് സ്ഥാപിക്കാൻ വൈകുന്നത് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.