തേഞ്ഞിപ്പലം: ജപ്പാന് സയന്‍സ് ആൻഡ് ടെക്നോളജി (ജെ.എസ്.ടി) ഹൊകെയ്ഡോ സർവകലാശാലയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘സകുറ’ സയന്‍സ് എക്സ്ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കാൻ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് മൂന്ന് പേർ. ഫിസിക്സ് വിഭാഗത്തില്‍ അധ്യാപകനായ ഡോ. കെ.പി. സുഹൈല്‍, ഇന്റഗ്രേറ്റഡ് എം.എസ് സി ബയോസയന്‍സ് വിദ്യാര്‍ഥിനി അനീന ഹക്കിം, നാനോ സയന്‍സ് ആൻഡ് ടെക്നോളജി പഠനവകുപ്പിലെ എം.എസ് സി കെമിസ്ട്രി വിദ്യാര്‍ഥിനി ആര്‍ദ്ര സുനില്‍ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്. ജപ്പാനിലെ ശാസ്ത്ര സാങ്കേതിക വളര്‍ച്ച നേരിട്ടറിയുക എന്നതാണ് ലക്ഷ്യം.
ഹൊകെയ്ഡോ സർവകലാശാല അസിസ്റ്റന്റ് പ്രഫസര്‍ ഡോ. പി.കെ. ഹാഷിമിന്റെ നേതൃത്വത്തിലാണ് പരിപാടി. പ്രമുഖ ശാസ്ത്രജ്ഞന്മാരുടെ പ്രഭാഷണങ്ങള്‍, ലബോറട്ടറി സന്ദര്‍ശനങ്ങള്‍, ഗവേഷണ പദ്ധതികളെ അടുത്തറിയല്‍, സാംസ്കാരിക ആശയ വിനിമയം എന്നിവയെല്ലാം ഒരാഴ്ച നീളുന്ന പരിപാടിയുടെ ഭാഗമാണ്. അഫിലിയേറ്റഡ് കോളജുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട നിഹാല നസ്റിന് (എം.ഇ.എസ് കല്ലടി കോളജ്), ഷാദിയ അമ്പലത്ത് (മൗലാന കോളജ് ഓഫ് ഫാര്‍മസി പെരിന്തല്‍മണ്ണ), കെ. ഫിദ (ഫാറൂഖ് കോളജ്), കെ. അഫ്ര (പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി), ലഹന് മണക്കടവന്‍ (എം.ഇ.എസ് കേവീയം കോളജ് വളാഞ്ചേരി) എന്നിങ്ങനെ അഞ്ച് പേര് കൂടി സംഘത്തിലുണ്ട്.