തിരൂർ: തൃശൂർ ചിയ്യാരം നസ്രാണി പാലത്തിനടുത്ത് ഗുഡ്സ് ട്രെയിൻ തകരാറിലായത് പി.എസ്.സി പരീക്ഷ ഉദ്യോഗാർഥികൾക്ക് വിനയായി. മലപ്പുറം ജില്ലയിലെ തിരൂർ, താനൂർ തുടങ്ങിയ സ്ഥലങ്ങളിൽ പി.എസ്.സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതാനെത്തിയവർക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന് പരാതി.
തൃശൂരിൽ ഗുഡ്സ് ട്രെയിൻ തകരാറിലായതിനെ തുടർന്ന് എറണാകുളത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ഏറനാട് എക്സ്പ്രസ് രണ്ടു മണിക്കൂറിലധികം വൈകിയതാണ് ഉദ്യോഗാർഥികൾക്ക് ഇരുട്ടടിയായത്.
തൃശൂർ ജില്ലയിൽനിന്നുൾപ്പെടെ പല ഉദ്യോഗാർഥികളും ഏറനാട് എക്സ്പ്രസിനാണ് ടിക്കറ്റെടുത്തിരുന്നത്. തൃശൂരിൽനിന്ന് രാവിലെ ഒമ്പതിന് പുറപ്പെട്ട് തിരൂരിൽ 11.30ന് എത്തിച്ചേരേണ്ട ഏറനാട് എക്സ്പ്രസ് രണ്ടു മണിക്കൂറിലധികമാണ് വൈകിയത്.
ഇതുമൂലം ഒരു മണിക്ക് റിപ്പോർട്ട് ചെയ്യേണ്ട പി.എസ്.സി പരീക്ഷക്ക് എത്തിച്ചേരാനായില്ലെന്നാണ് പരാതി. ശനിയാഴ്ച രാവിലെ 9.30ഓടെയാണ് തൃശൂർ ഭാഗത്തേക്കുള്ള ഗുഡ്സ് ട്രെയിൻ തകരാറിലായത്. ഗുഡ്സ് തകരാർ മൂലം ഏറനാടിനു പുറമെ പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് ഓടിയത്.