കൊണ്ടോട്ടി: കരിപ്പൂര്‍ മേഖലയില്‍ നിന്ന് പള്ളിക്കല്‍ പഞ്ചായത്തിലെ വിവിധ സര്‍ക്കാര്‍ കാര്യാലയങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിച്ചേരാന്‍ സൗകര്യപ്രദമായ ബസ് സർവിസ് അനുവദിക്കണമെന്ന ആവശ്യം ശക്തം. കരിപ്പൂര്‍, വിമാനത്താവളം, കുമ്മിണിപ്പറമ്പ്, കൊടിയംപറമ്പ്, തറയിട്ടാല്‍, കൂട്ടാലുങ്ങല്‍, പുളിയംപറമ്പ്, കാരക്കാട്ട് പറമ്പ്, മാതംകുളം എന്നീ വാര്‍ഡുകളിലുള്ളവരാണ് പൊതുയാത്ര സംവിധാനത്തിന്റെ അഭാവത്താല്‍ പ്രയാസം അനുഭവിക്കുന്നത്. ഇതിന് പരിഹാരമായി തറയിട്ടാല്‍-കൂനൂര്മാട്-പള്ളിക്കല്‍ ബസാര്‍ റൂട്ടില്‍ ബസ് സർവിസ് വേണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. കൊണ്ടോട്ടി, നെടിയിരുപ്പ് ഭാഗങ്ങളിലൂടെയും പുളിക്കല്‍ പഞ്ചായത്തിലൂടെയും കിലോമീറ്ററുകള്‍ താണ്ടി വേണം ഈ ഭാഗങ്ങളിലുള്ളവര്‍ക്ക് ഗ്രാമപഞ്ചായത്തിലെ ഭരണ സിരാകേന്ദ്രമായ പള്ളിക്കല്‍ ബസാറില്‍ എത്താന്‍.
ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് പുറമെ വില്ലേജ് ഓഫിസ്, മൃഗാശുപത്രി, സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രം, കൃഷിഭവന്, ഐ.സി.ഡി.എസ് ഓഫിസ്, ആയുര്‍വേദ ഡിസ്പെന്‍സറി തുടങ്ങിയ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ബഡ്സ് സ്കൂള്‍, കാലിക്കറ്റ് സര്‍വകലാശാല എന്നിവിടങ്ങളിലേക്കും എത്തിച്ചേരാന്‍ ഏറെ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.
തറയിട്ടാലില്‍ നിന്ന് കുമ്മിണിപ്പറമ്പ്-കൂനൂര്മാട് വഴി പള്ളിക്കല്‍ ബസാറിലൂടെ കാലിക്കറ്റ് സര്‍വകലാശാലയിലേക്കും തിരിച്ചും പുതിയ ബസ് റൂട്ട് അനുവദിക്കണമെന്ന ആവശ്യം ഏറെ കാലമായി നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.
എന്നാല്‍, പുതിയ റൂട്ടുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഈ ആവശ്യത്തിന് പരിഗണന ലഭിക്കാറില്ല. നാട്ടുകാരുടെ യാത്രാ പ്രശ്നത്തിന് അറുതി വരുത്താന്‍ മേഖലയില്‍ പൊതുയാത്ര സൗകര്യം ഉറപ്പാക്കണമെന്നും പുതിയ ബസ് റൂട്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്കും പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എക്കും നിവേദനം നല്‍കിയിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് അംഗം ലത്തീഫ് കൂട്ടാലുങ്ങല്‍ പറഞ്ഞു.