മങ്കട: ചേരിയം ചെറിയ മലയിലും പരിസരപ്രദേശങ്ങളിലും വീണ്ടും പുലി സാന്നിധ്യം ഉള്ളതായി നാട്ടുകാർ. മലയുടെ കിഴക്കുഭാഗമായ പൂക്കോടൻ മലയോട് ചേർന്ന റോഡിലും വെട്ടിലാല പ്രദേശത്തുമാണ് പുലി സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നത്.
വ്യാഴാഴ്ച രാത്രി പതിനൊന്നോടെ പട്ടിക്കാട് ഭാഗത്തുനിന്ന് വരികയായിരുന്ന കാറിലെ യാത്രക്കാരാണ് പൂക്കോടൻ മല ഭാഗത്ത് കട്ടിങ്ങിന് സമീപം റോഡിൽനിന്ന് പുലി ഓടുന്നത് കണ്ടത്. ശനിയാഴ്ച രാവിലെ വെട്ടിലാല പ്രദേശത്ത് പുലിയുടെതെന്ന് സംശയിക്കുന്ന കാലടികൾ കണ്ടതായും നാട്ടുകാർ പറയുന്നു.
ചേരിയം മലയിൽ ടാപ്പിങ്ങിന് പോകുന്ന തൊഴിലാളികളും ആട് മേക്കാൻ പോകുന്നവരും കഴിഞ്ഞ മാസങ്ങളിലായി പുലിയെ കണ്ടതായും വളർത്തുന്ന ആടുകളെ പിടിച്ചുകൊണ്ടുപോയതായും പരാതിയുണ്ടായിരുന്നു. സമീപ പ്രദേശമായ മുള്ള്യാകുർശ്ശി ഭാഗത്ത് പുലിയുടെ സാന്നിധ്യമുള്ളതായ റിപ്പോർട്ടുകൾ വരുന്ന സമയത്തും ചേരിയം മല പ്രദേശങ്ങളിൽ പല സന്ദർഭങ്ങളിലായി പുലിയെ കണ്ടതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തിയിരുന്നു.