കരിപ്പൂരിലെ പാര്‍ക്കിങ് പരിഷ്‌കരണം: ഇടപെടുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

കരിപ്പൂരിലെ പാര്‍ക്കിങ് പരിഷ്‌കരണം: ഇടപെടുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടപ്പാക്കിയ വിവാദ വാഹന പാര്‍ക്കിങ് പരിഷ്‌കാരം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചു. വിഷയം ഗൗരവമായിക്കണ്ട് അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി അദ്ദേഹം പറഞ്ഞു.

വാഹനങ്ങളുടെ സമയപരിധിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയും പാര്‍ക്കിങ് നിരക്ക് വര്‍ധിപ്പിച്ചും നടപ്പാക്കിയ പരിഷ്‌കാരത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ യാത്രക്കാരും വാഹന ഡ്രൈവര്‍മാരും നേരിടുന്ന പ്രയാസങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായി എം.എല്‍.എ അറിയിച്ചു.

ഈമാസം 16 മുതൽ വാഹന പാർക്കിങ്‌ നിരക്ക് ഒറ്റയടിക്ക് നാലിരട്ടി വരെ വർധിപ്പിച്ചിരുന്നു. 7 സീറ്റിൽ മുകളിലുള്ള എസ്.യു.വി കാറുകൾക്കും മിനി ബസുകൾക്കും 20 രൂപയിൽ നിന്ന് 80 രൂപയാക്കിയാണ് ഉയർത്തിയത്. ഏഴ്സീറ്റ് വരെയുള്ള കാറുകൾക്ക് ആദ്യത്തെ അരമണിക്കൂർ പാർക്കിങ്ങിന് 20 രൂപ എന്നത് 50 രൂപയാക്കി വർധിപ്പിച്ചു. അരമണിക്കൂർ കഴിഞ്ഞാൽ യഥാക്രമം130 രൂപ, 65 രൂപ എന്നിങ്ങനെയാണ് നിരക്ക്.

അതോറിറ്റിയുടെ അംഗീകാരമുള്ള ടാക്സി വാഹനങ്ങൾക്ക് നേരത്തെ സൗജന്യമായിരുന്നു. ഇപ്പോൾ 20 രൂപയാക്കി. അംഗീകാരമില്ലാത്ത വാഹനങ്ങൾ 40 രൂപ നൽകേണ്ടതിനു പകരം 226 രൂപ നൽകണം. അര മണിക്കൂറിനു ശേഷം 2 മണിക്കൂർ വരെ 276 രൂപ. പാർക്കിങ് സ്ഥലത്തുനിന്ന് നിശ്ചിത സമയത്തിനകം പുറത്തു കടന്നില്ലെങ്കിൽ വീണ്ടും അര മണിക്കൂർ സമയത്തേക്കുള്ള 226 രൂപ നൽകണം. പാർക്കിങ് ഏരിയയിൽ പോകാതെ യാത്രക്കാരനെ ടെർമിനലിനു മുൻപിൽ ഇറക്കുകയോ കയറ്റുകയോ ചെയ്ത് പുറത്തേക്കു പോയാൽ 283 രൂപയാണു നൽകേണ്ടത്. ഇരുചക്ര വാഹനങ്ങൾക്ക് പത്തുരൂപയും അരമണിക്കൂർ കഴിഞ്ഞാൽ 15 രൂപയുമാണ് ഫീസ്. 

Leave a Reply

Your email address will not be published. Required fields are marked *