കാളികാവ്: കാർഗിൽ വിജയദിനസ്മരണക്ക് ജൂലൈ 26ന് കാൽ നൂറ്റാണ്ട് തികയുമ്പോൾ മലപ്പുറം കാളികാവിൽ അണയാത്ത ഓർമകളുമായി ഒരുമ്മയുണ്ട്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻ അബ്ദുൽ നാസറിന്റെ മാതാവ് പൂതംകോട്ടിൽ ഫാത്തിമ സുഹറ. മഴ തിമിര്‍ത്തുപെയ്ത ആ ജൂലൈ മാസം ഇന്നും ഫാത്തിമ സുഹറയുടെ ഉള്ള് പൊള്ളിക്കുകയാണ്. അന്നത്തെ ഒരു സന്ധ്യാസമയത്താണ്, വൈധവ്യത്തിന്റെ വേദനയില്‍ ഉള്ളുലഞ്ഞ് കഴിഞ്ഞിരുന്ന ആ മാതൃഹൃദയത്തെയും കുടുംബത്തെയും നാടിനെയും സങ്കടക്കടലില്‍ മുക്കി അബ്ദുല്‍ നാസര്‍ കാര്‍ഗിലിലെ മഞ്ഞുമലകളില്‍ മാതൃരാജ്യത്തിനായി വീരമൃത്യു വരിച്ചത്.
മകന്റെ വേര്‍പാടിന്റെ നീറുന്ന വേദനകള്‍ക്കിടയിലും നാടിനായി ജീവനര്‍പ്പിച്ച മകന്റെ അണയാത്ത ഓര്‍മകളാണ് രണ്ടര പതിറ്റാണ്ടായി ഫാത്തിമ സുഹറക്ക് കൂട്ട്. കാര്‍ഗിലിലെ ദ്രാസില്‍ പാകിസ്താന് സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ 1999 ജൂലൈ 24നാണ് നാസര്‍ മരിക്കുന്നത്. സൈന്യത്തില്‍ ചേര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞ് അവധിക്ക് നാട്ടില്‍ വന്ന് മടങ്ങുമ്പോള്‍ അടുത്ത വരവിന് വിവാഹം നടത്താമെന്ന് സ്നേഹം പൊതിഞ്ഞ വാക്കുകളാല്‍ ഉമ്മക്ക് ഉറപ്പ് നല്‍കിപ്പോയതായിരുന്നു 23കാരനായ നാസര്‍.
എന്നാല്‍, മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യന്‍ സേനയുടെ എംബ്ലം കൊത്തിയ പെട്ടിയില്‍ എംബാം ചെയ്ത മകന്റെ മഞ്ഞുകണം പോലത്തെ നനുത്ത ചേതനയറ്റ ശരീരമാണ് കാളികാവ് ചെങ്കോട്ടിലെ പൂതന്‍കോട്ടില്‍ വീട്ടില്‍ വന്നുചേർന്നത്. ഹവില്‍ദാര്‍ ക്ലര്‍ക്കായിട്ടാണ് നാസറിന് സൈന്യത്തില്‍ നിയമനം ലഭിച്ചത്. മധ്യപ്രദേശിലെ ജബല്‍പുരിലായിരുന്നു ആദ്യനിയമനം. ഒരു വര്‍ഷം കഴിഞ്ഞ് അവധിക്ക് നാട്ടിലെത്തിയപ്പോള്‍ സൈനിക പരിശീലനത്തിനിടെയുണ്ടായ അനുഭവങ്ങള്‍ അവൻ ആവേശത്തോടെ പറഞ്ഞത് നാട്ടുകാർ ഓർക്കുന്നു. ഹ്രസ്വമായ അവധി കഴിഞ്ഞ് എല്ലാവരോടും യാത്രപറഞ്ഞ് നാസര്‍ വീണ്ടും സൈനിക ക്യാമ്പിലേക്കു മടങ്ങി.
അവിടെയെത്തി അധികം കഴിയുംമുമ്പേ കാര്‍ഗിലിലെ പാക് നുഴഞ്ഞുകയറ്റം രാജ്യത്തെങ്ങും വാര്‍ത്തകളില്‍ നിറഞ്ഞുതുടങ്ങി. അതോടെ ഫാത്തിമ സുഹറയുടെയും കുടുംബത്തിന്റെയും ഉള്ളില്‍ തീ കനത്തു. ആയിടക്ക് നാസറിന്റെ സന്ദേശം വന്നു. കശ്മീരിലെ യുദ്ധമുന്നണിയിലേക്കുള്ള വിളിയും കാത്തിരിക്കുകയാണ് ജബല്‍പുരിലെ സൈനികരെന്ന്. ഉള്ളുരുകിയ പ്രാർഥനയുടെ നാളുകളായിരുന്നു പിന്നീട്.
ഓപറേഷന് വിജയ് എന്ന് നാമകരണംചെയ്ത യുദ്ധത്തിനായി കാര്‍ഗിലിലെ ദ്രാസിലായിരുന്നു ഇന്ത്യന്‍ സൈനിക ക്യാമ്പ് ഒരുക്കിയിരുന്നത്. അവിടേക്കാണ് നാസര്‍ അടക്കമുള്ളവരെ നിയോഗിച്ചത്. ദ്രാസിലെ മട്ടിയാന് സൈനിക ക്യാമ്പില്‍ സുസജ്ജമായി നാസറും കൂട്ടരും പാക് സേനയെ ചെറുക്കാന്‍ ഒരുങ്ങിനിന്നു. ബങ്കറുകളില്‍ നിലയുറപ്പിച്ച് ആക്രമണവും പ്രതിരോധവും തീര്ത്തുപോരുന്നതിനിടെയാണ് ഇവര്‍ക്കിടയിലേക്ക് പാക് സേന പ്രയോഗിച്ച ഷെല്ലുകൾ വന്ന് പതിക്കുന്നത്. തുരുതുരെ വന്നുപതിച്ച ഷെല്ലുകള്‍ തലയില്‍ തറച്ച് യുദ്ധമുന്നണിയില്‍ തന്നെ നാസര്‍ പിടഞ്ഞുമരിക്കുകയായിരുന്നു.