കൊളത്തൂർ: വെങ്ങാട് മൂതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിൽ അപാകതയയെന്ന് നാട്ടുകാർ. പുഴയിൽ ആഴം വർധിപ്പിച്ച് പ്രശ്നം പരിഹരിക്കാനാവുമെന്ന് അധികൃതർ. പുഴയിൽനിന്ന് മണലും മണ്ണും എടുത്ത് ആഴം വർധിപ്പിക്കുന്നത് ഭാവിയിൽ പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാവുമെന്നാണ് നാട്ടുകാരുടെ പരാതി.
മൂതിക്കയം ഭാഗത്തുനിന്ന് നാല് കിലോമീറ്റർ വരുന്ന മൂർക്കനാട് വടക്കുംപുറം നിലാപറമ്പ് കുടിവെള്ള പദ്ധതി പമ്പ് ഹൗസിലേക്ക് വെള്ളലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂതിക്കയം ആർ.സി.ബി പദ്ധതിക്ക് 2020ൽ തുടക്കമായത്. 156 മീറ്റർ നീളത്തിലും 10.5 മീറ്റർ വീതിയിലും നിർമിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിന് 70 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നിലാപറമ്പ് പമ്പ് ഹൗസിന് സമാന രീതിയിലുള്ള മറ്റൊരു പമ്പ് ഹൗസ് നിർമാണ പ്രവൃത്തിയും പാലത്തിനടുത്ത് നടക്കുന്നുണ്ട്.
പ്രവൃത്തി പൂർത്തിയാവുന്നതോടെ മങ്കട മണ്ഡലത്തിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കാനാവുമെന്നും പറയുന്നു. എങ്കിൽ മൂതിക്കയം ഭാഗത്തുനിന്ന് 100 മീറ്റർ വിട്ട് പുഴയിൽ മേൽഭാഗത്ത് ആഴം കുറഞ്ഞതും വേനൽക്കാലത്ത് നീരൊഴുക്ക് പൂർണമായും നിലക്കുന്നതുമായ സ്ഥലത്താണ് പാലം നിർമിച്ചിട്ടുള്ളത്. കൂടാതെ ഇവിടെനിന്നും 100 മീറ്റർ താഴെ സ്ഥിതി ചെയ്യുന്ന മൂതിക്കയത്തിന്റെ ഗ്രൗണ്ട് ലെവൽ കണക്കാക്കിയാണ് ആഴം കുറഞ്ഞ ഭാഗത്ത് ഫൗണ്ടേഷൻ നിർമിച്ച് പാലം പണി പൂർത്തിയാക്കിയത്. ഫൗണ്ടേഷൻ ഉയരം കുറഞ്ഞതോടെ വർഷക്കാലത്ത് അനുഭവപ്പെടുന്ന പുഴയുടെ സ്വാഭാവിക ഒഴുക്കിന് പാലവും ഷട്ടറുകളും വലിയ തോതിൽ തടസ്സമാവുമെന്ന ആശങ്കയാണുള്ളതെന്ന് നാട്ടുകാർ പറഞ്ഞു.