കൊണ്ടോട്ടി: പതിവുതെറ്റാതെ മഴക്കാലത്ത് തകര്‍ന്നടിഞ്ഞ കൊണ്ടോട്ടിയിലെ കോഴിക്കോട്-പാലക്കാട് ദേശീയപാത ബൈപാസ് യാത്രക്കാരുടെ നടുവൊടിക്കുന്നു. 17ാം മൈല്‍ ജങ്ഷന് മുതല്‍ നഗര മധ്യത്തിലും കുറുപ്പത്ത് ജങ്ഷന് വരെയുള്ള ഭാഗങ്ങളിലും ചെറുതും വലുതുമായി നിരവധി കുഴികളാണ് ടാർ അടര്‍ന്ന് രൂപപ്പെട്ടിരിക്കുന്നത്.
17ാം മൈലിലും സെന്‍ട്രല്‍ ജംങ്ഷനിലുമാണ് വലിയ തോതില്‍ റോഡ് തകര്‍ന്നത്. മഴയില്‍ വെള്ളക്കെട്ട് കൂടിയാകുമ്പോള്‍ കുഴികളില്‍ ചാടി ചെറു വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും മറ്റു വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും ഗതാഗതക്കുരുക്കും പതിവാണ്. മഴക്കാലത്തിന് മുമ്പ് താൽക്കാലികമായി നികത്തിയ കുഴികളെല്ലാം വീണ്ടും പഴയപടിയായതോടെ രോഗികളടക്കമുള്ള യാത്രക്കാരാണ് പ്രയാസത്തിലാകുന്നത്.
ദേശീയപാത ബൈപാസ് റോഡ് നവീകരിക്കാന്‍ മൂന്ന് വര്‍ഷം മുമ്പ് തയാറാക്കിയ 9.6 കോടി രൂപയുടെ പദ്ധതി കേന്ദ്ര ദേശീയപാത അതോറിറ്റി അവഗണിക്കുകയാണ്. വെള്ളപ്പൊക്കത്തെ അതിജീവിക്കാനും ശരിയായ ഓടകളോടുകൂടിയതുമായ രീതിയിൽ നടപ്പാതകളടക്കം സജ്ജീകരിച്ച് പാത ആധുനിക രീതിയില്‍ സൗന്ദര്യവത്കരിക്കുന്ന പദ്ധതിയാണ് പാലക്കാട്ടെ ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ വിഭാഗവുമായി ബന്ധപ്പെട്ട് ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് തയാറാക്കിയിരുന്നത്.
തിരുവനന്തപുരത്തെ റീജനല്‍ ഓഫിസില്‍ 2022ല്‍ ആരംഭത്തില്‍ സമര്‍പ്പിച്ച പദ്ധതി ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. നിർദിഷ്ട ഹരിതപാത യാഥാര്‍ഥ്യമാകുന്നതോടെ നിലവിലെ കോഴിക്കോട്-പാലക്കാട് ദേശീയപാത സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കേണ്ടിവരുമെന്നതിനാല്‍ ഈ പാതയില്‍ കൂടുതല്‍ തുക ചെലവഴിക്കാന്‍ കേന്ദ്ര ദേശീയപാത അതോറിറ്റി തയാറാകുന്നില്ല.
റോഡ് തകര്‍ച്ച കൂടുതല്‍ സങ്കീര്‍ണമായതോടെ ആദ്യം സമര്‍പ്പിച്ച പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി 2022ല്‍തന്നെ സമര്‍പ്പിച്ച 4,44,80,000 രൂപയുടെ പദ്ധതിയിലും ദേശീയപാത റീജനല്‍ ഓഫിസില്‍ നിന്ന് തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. 2022 നവംബര്‍ 15ന് 26.53 ലക്ഷം രൂപ ചെലവിട്ട് 17ാം മൈലില്‍ 60 മീറ്റര്‍ നീളത്തില്‍ പാത ഇന്റര്‍ ലോക്ക് കട്ടകള്‍ വിരിച്ച് ഗതാഗതയോഗ്യമാക്കിയതു മാത്രമാണ് ദേശീയപാത വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍. ഇതാകട്ടെ കഴിഞ്ഞ മഴകളില്‍ വെള്ളമുയര്‍ന്ന് വീണ്ടും തകര്‍ന്നടിഞ്ഞിരിക്കുകയാണ്.