പൊന്നാനി: വീട്ടില്‍ അതിക്രമിച്ച് കയറി 48 കാരിയെ ബലാൽസംഗം ചെയ്ത 57കാരന് 12 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. നരിപ്പറമ്പ് സ്വദേശി നാരായണനെയാണ് (57) പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി സുബിത ചിറക്കൽ ശിക്ഷിച്ചത്.
2019 നവംബർ 28നാണ് കേസിനാസ്പദമായ സംഭവം. പ്രതി പരാതിക്കാരിയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയത്. പിഴ അടക്കുന്ന പക്ഷം അതിജീവിതക്ക് നല്‍കും. അതിജീവിതക്ക് നഷ്ടപരിഹാരം നല്‍കാനായി ജില്ല ലീഗല്‍ സർവിസ് അതോറിറ്റിക്ക് നിർദേശം നല്കി.
പൊന്നാനി സ്റ്റേഷന് ഇന്‍സ്പെക്ടറായിരുന്ന സണ്ണി ചാക്കോ, സബ് ഇന്‍സ്പെക്ടറായിരുന്ന ബേബിച്ചന് ജോര്‍ജ്, അനില്‍ കുമാര്‍, എസ്.സി.പി.ഒ മഞ്ജുള എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.കെ. സുഗുണ ഹാജരായി.