‘കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാനാവില്ല’; വിവാദ പരാമര്‍ശവുമായി എസ്.വൈ.എസ് നേതാവ്

‘കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാനാവില്ല’; വിവാദ പരാമര്‍ശവുമായി എസ്.വൈ.എസ് നേതാവ്

മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തിൽ വിവാദ പരാമര്‍ശവുമായി എസ്.വൈ.എസ് നേതാവ്. കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാൻ കഴിയില്ലെന്ന് എസ്.വൈ.എസ് നേതാവ് മുസ്തഫ മുണ്ടുപാറ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് അവഗണന തുടരുമ്പോൾ മലബാർ സംസ്ഥാനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ തെറ്റുപറയാൻ കഴിയില്ല. തെക്കൻ കേരളത്തിലുള്ളവരെ പോലെ തന്നെ നികുതി പണം കൊടുക്കുന്നവരാണ് മലബാറിലുള്ളതെന്നും അതിനാല്‍ അവഗണനയുണ്ടാകുമ്പോള്‍ പല തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടാകുമെന്നും മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി.

അവഗണന തുടരുമ്പോഴാണ് വിഘടന വാദങ്ങളിലേക്ക് ചിലർ ഇറങ്ങുന്നതെന്ന് പറഞ്ഞ എസ്.വൈ.എസ്, മലബാർ സംസ്ഥാനം വന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നും ചോദിച്ചു. വിഭവങ്ങൾ വീതംവെക്കുന്നതിൽ സർക്കാർ നീതി കാണിക്കുന്നില്ല. മോദി ചെയ്യുന്നത് തന്നെയാണ് സംസ്ഥാന സർക്കാരും ചെയ്യുന്നത്.

സമസ്തയും പോഷക സംഘടനകളും സമര രംഗത്തിറങ്ങുന്നത് അപൂർവമാണ്. പ്ലസ് വൺ സീറ്റ് വിഷയത്തിൽ സമരത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിൽ വിജയം കണ്ടേ പിന്മാറൂ. സീറ്റ് പ്രതിസന്ധി ശിവൻകുട്ടി മാത്രം കൈകാര്യം ചെയ്താൽ പോരെന്നും മുഖ്യമന്ത്രിയും ഇടപെടണമെന്നും മുസ്തഫ മുണ്ടുപാറ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *