കൊണ്ടോട്ടി: വായില്‍ കമ്പ് കുത്തി മുറിവേറ്റ് കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച അരിമ്പ്ര സ്വദേശി കൊടക്കാടന്‍ നിസാറിന്റേയും സൗദാബിയുടേയും മകന് മുഹമ്മദ് ഷാസില്‍ (നാല് വയസ്) മരിച്ച സംഭവത്തില്‍ വകുപ്പുതലത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.
കേസിലെ കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ച ശേഷം നീതിയുക്തമായ നടപടിയുണ്ടാകും. ടി.വി. ഇബ്രാഹിം എം.എല്‍.എയെയാണ് ഇക്കാര്യം അറിയിച്ചത്. കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതി മന്ത്രിയെ ധരിപ്പിച്ചതായി എം.എല്‍.എ അറിയിച്ചു.
മുഹമ്മദ് ഷാസില്‍ കൊണ്ടോട്ടിയിലെ മേഴ്സി ആശുപത്രിയില്‍ മരിക്കാനിടയായത് ചികിത്സാ പിഴവാണെന്നും അനസ്തേഷ്യ നല്കിയ ഡോക്ടര്‍ക്കും ആശുപത്രി അധികൃതര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടുമാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.
ചികിത്സ വിവരങ്ങള്‍ അന്വേഷണ സംഘം സമഗ്രമായി പരിശോധിക്കും
കൊണ്ടോട്ടി: മുഹമ്മദ് ഷാസില്‍ മരിച്ച സംഭവത്തില്‍, പോസ്റ്റുമോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്റെ വിശദമൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് കൊണ്ടോട്ടി ഡിവൈ.എസ്.പി എ.എം. സിദ്ദിഖ്. അനസ്തേഷ്യ നല്‍കുന്നതിനിടെയുണ്ടായ ശ്വാസതടസമാണ് മരണകാരണമെന്നും അനസ്തേഷ്യ നല്‍കുന്നതിന് മുമ്പ് നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
അതിനാൽ ചികിത്സ പിഴവ് സംഭവിച്ചിട്ടുണ്ടോയെന്നതില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പൊലീസ് നീക്കം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗൗരവമുള്ളതാണെന്നിരിക്കെ സര്‍ജനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടണം.
കുട്ടിയെ പ്രവേശിപ്പിച്ച കൊണ്ടോട്ടിയിലെ മേഴ്സി ആശുപത്രിയില്‍ അനസ്തേഷ്യ നല്കിയ ഡോക്ടറുടെയുള്ളവരില് നിന്ന് വിവരങ്ങൾ ശേഖരിക്കും. ആന്തരികാവയവ രാസപരിശോധനഫലം കൂടി ലഭിക്കുന്നതോടെ കൂടുതല്‍ വ്യക്തത വരും. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിശദ പരിശോധനക്ക് വിധേയമാക്കിയാകും കൂടുതല്‍ നടപടികൾ.