പരപ്പനങ്ങാടി: പ്ലസ് വൻ പ്രവേശനതിന് അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെ രണ്ടാം അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ച ദിവസം ലിസ്റ്റിൽ പേരില്ലാത്തതിനെ തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ വൻ പ്രതിഷേധം. എം.എസ്.എഫ്, കെ.എസ്.യു ജില്ല നേതൃത്വം യു.ഡി.എസ്.എഫ് ബാനറിന് കീഴിൽ ജില്ല വിദ്യഭ്യാസ കാര്യാലയത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസുമായുള്ള ഉന്തിലും തള്ളിലും കലാശിച്ചു. പൊലീസിന്റെയും മുതിർന്ന നേതാക്കളുടെയും ഇടപെടലിനെ തുടർന്ന് സംഘട്ടനമൊഴിവായി.
“കുഞ്ഞിമോളെ കൊന്നതാണ്, കുരുതി കൊടുത്തു സർക്കാര്…”എന്ന മുദ്രവാക്യവുമായി പൊലീസ് വലയം ഭേദിച്ച് വിദ്യഭ്യാസ ഓഫിസിലേക്ക് കയറാൻ ശ്രമിച്ച യു.ഡി.എസ്.എഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കെ.എസ്.യു ജില്ല പ്രസിഡൻ്റ് ഹാരിസ് മുത്തൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് നേതാവ് ശരീഫ് വടക്കയിൽ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ, കെ.എസ്.യു, എം.എസ്.എഫ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് നേതാക്കളായ ആമിന ഫിദ, അബിൻ കൃഷ്ണ, ആരതി, സലാഹുദ്ദീൻ, നവാസ് ചെറമംഗലം, ബി.പി സുഹാസ് ഡി.സി.ഡി മെംബർ കെ.പി. ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.