പൊന്നാനി: ദേശീയപാത നിർമാണ ഭാഗമായി പുതുപൊന്നാനി പുഴയിൽ രൂപപ്പെട്ട തടസ്സങ്ങൾ ഭീഷണിയാകുന്നു. പുതുപൊന്നാനി പുഴക്ക് കുറുകെ പുതിയ പാലം നിർമിക്കുന്നതിന് പുഴയിൽ ബണ്ട് കെട്ടുകയും പണി പൂർത്തീകരിച്ചപ്പോൾ ബണ്ട് ഭാഗികമായി പൊട്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ, പുഴയുടെ ഇരുകരകളിലെയും മണ്ണും ബണ്ട് നിർമിക്കാൻ ഉപയോഗിച്ച വലിയ മരത്തടികളും കോൺക്രീറ്റ് ബീമുകളും പൂർണമായി പുഴയിൽനിന്ന് നീക്കം ചെയ്യാത്തതാണ് അപകട കാരണം. തടസ്സങ്ങൾ നീക്കാത്തത് മൂലം വഞ്ചികൾക്ക് കേടുപാട് പറ്റിയും വലകൾ കീറിയും സാധാരണ മത്സ്യത്തൊഴിലാളികൾക്ക് പുഴയിൽ ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്. മാസങ്ങൾക്ക് മുമ്പ് ഈ മണൽതിട്ടയിലിടിച്ച് തോണി മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു.
പുഴയിൽനിന്ന് മണ്ണും മറ്റ് അവശിഷ്ടങ്ങളും നീക്കണമെന്ന് ദേശീയപാത അധികൃതരോട് പല തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. പുതുപൊന്നാനി ഭാഗത്തെ കടലിൽ മത്സ്യബന്ധനം നടത്തുന്ന നിരവധി വഞ്ചികളാണ് ഇതുവഴി കടന്നുപോകുന്നത്. അപകടക്കെണി അറിയാത്ത വഞ്ചികൾ ഇതുവഴി സഞ്ചരിക്കുമ്പോൾ വലിയ നാശമാണുണ്ടാകുന്നത്. തടസ്സങ്ങൾ നീക്കാൻ നടപടി ആവശ്യപ്പെട്ട് പുതുപൊന്നാനി ചിന്ത ലൈബ്രറിയുടെ നേതൃത്വത്തിൽ പൊന്നാനി തഹസിൽദാർക്ക് നിവേദനം നൽകി. പി.എസ്. കരീം, ഇ.എ. ശ്രീരാജ്, സി. ഗഫൂർ, എ.കെ. റഹീം എന്നിവർ പങ്കെടുത്തു.