കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ റെക്കോഡ് ഭൂരിപക്ഷവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീര്‍. 44,987 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം എതിര് സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ വി. വസീഫിനേക്കാള് മുന്നിലെത്തിയത്. 2011ലെ ഉപതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അനുകൂല വോട്ടുകളും ഭൂരിപക്ഷവും ഉയര്‍ത്തിയതിനൊപ്പം 2019ല്‍ പി.കെ. കുഞ്ഞാലിക്കുട്ടി നേടിയ 39,313 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷവും ഇ.ടി മറികടന്നു. അതേസമയം എല്‍.ഡി.എഫ് മണ്ഡലത്തില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഇടതുമുന്നണിയുടെ വോട്ടുകള്‍ കുറഞ്ഞത് നേതൃത്വത്തിന് തിരിച്ചടിയായി. എന്നാല്‍, എന്‍.ഡി.എക്ക് ലഭിച്ച വോട്ടുകളില്‍ നേരിയ വര്‍ധനവുണ്ടായി.
മണ്ഡലത്തിലെ 1,61,526 സമ്മതിദായകര്‍ രേഖപ്പെടുത്തിയ വോട്ടുകളില്‍ 95,025 വോട്ടുകള്‍ ഇ.ടി നേടി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. വസീഫിന് 50,038 വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ഥി ഡോ. അബ്ദുല്‍ സലാമിന് 14,150 വോട്ടുകളുമാണ് ലഭിച്ചത്. 2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫിന് 14,333 വോട്ടുകള്‍ വര്‍ധിച്ചു.
എന്നാല്‍ എല്‍.ഡി.എഫിന് 9,221 വോട്ടുകള്‍ കുറഞ്ഞു. 2021ല്‍ മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.പി. സാനു നേടിയ 59,529 വോട്ടുകള്‍ പോലും നേടാന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ വി. വസീഫിന് സാധിച്ചില്ല. കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ലെങ്കിലും എന്‍.ഡി.എക്ക് മുന്‍ തവണത്തേതിനേക്കാള്‍ 2,942 വോട്ടുകള്‍ വര്‍ധിച്ചിട്ടുണ്ട്.
2021ല്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. എം.പി. അബ്ദുസമദ് സമദാനി 21,433 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു കൊണ്ടോട്ടിയില്‍ നിന്ന് മാത്രം നേടിയിരുന്നത്. 80,692 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. 2017ല്‍ എം.പിയായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 26,142 വോട്ടുകളായിരുന്നു. തുടര്‍ന്ന് 2019ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി സ്വന്തം ഭൂരിപക്ഷം 39,313 എന്ന നിലയിലേക്ക് ഉയര്‍ത്തി. ഇതില്‍ നിന്നെല്ലാം ഉയര്‍ന്ന ഭൂരിപക്ഷത്തിലുള്ള വിജയമാണ് കൊണ്ടോട്ടിയില്‍ നിന്ന് ഇ.ടി. മുഹമ്മദ് ബഷീറിന് ലഭിച്ചിരിക്കുന്നത്.
കൊണ്ടോട്ടി നഗരസഭയും വാഴയൂര്‍, വാഴക്കാട്, മുതുവല്ലൂര്‍, ചീക്കോട്, പുളിക്കല്‍, ചെറുകാവ് ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ട മുസ്ലിം ലീഗിന്റെ ഉറച്ച തട്ടകമായ കൊണ്ടോട്ടി നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ യു.ഡി.എഫിന്റെ തേരോട്ടമായിരുന്നു.
വാഴയൂര്‍ ഗ്രാമപഞ്ചായത്തില്‍ 168 വോട്ടിന്റെ ലീഡ് പിടിക്കാനായ എല്‍.ഡി.എഫിന് മറ്റൊരു തദ്ദേശ ഭരണ കേന്ദ്രങ്ങളിലും നിലം തൊടാനായില്ല. കൊണ്ടോട്ടി നഗരസഭയില്‍ 13,782, വാഴക്കാട് 9,152, മുതുവല്ലൂരില്‍ 4,616, ചീക്കോട് 7,453, പുളിക്കലില്‍ 6,039, ചെറുകാവില്‍ 4,113 എന്നിങ്ങനെയാണ് യു.ഡി.എഫ് ലീഡ് ചെയ്തത്. 2021ല്‍ വാഴയൂരില്‍ ഇടത് സ്ഥാനാര്‍ഥി വി.പി. സാനു 2,201 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു.
ഘടക കക്ഷികള്‍ക്കിടയില്‍ പ്രാദേശികമായി രൂക്ഷമായ ഭിന്നതകള്‍ ജനവിധിയില്‍ ഒരു തരത്തിലും യു.ഡി.എഫിന് ഭീഷണി ഉയര്‍ത്തിയില്ല. കൊണ്ടോട്ടി നഗരസഭയിലും ചെറുകാവ് ഗ്രാമപഞ്ചായത്തിലും മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളായതും നഗരസഭയില്‍ ലീഗ് കമ്മിറ്റിക്കുള്ളിലുണ്ടായിരുന്ന ഭിന്നതകളും മുന്നണി നേതൃത്വം ജനവിധിക്കു മുമ്പുതന്നെ ചര്‍ച്ച ചെയ്ത് രമ്യതയിലെത്തിച്ചിരുന്നു.
എന്നാല്‍ എല്‍.ഡി.എഫിലെ ഘടക കക്ഷികള്‍ക്കിടയിലെ ഭിന്നത തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ പോലും വ്യക്തമായിരുന്നു. വാഴയൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് മുന്നണി സംവിധാനം പേരിനുപോലുമുണ്ടായിരുന്നില്ല. പഞ്ചായത്ത് ഭരണത്തില്‍ സി.പി.ഐ യു.ഡി.എഫിനെയാണ് പിന്തുണക്കുന്നത്. മുതുവല്ലൂര്‍ പഞ്ചായത്തില്‍ സി.പി.ഐയില്ലാതെയായിരുന്നു എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി. ഒറ്റക്ക് പ്രത്യേക കമ്മിറ്റിയുണ്ടാക്കിയായിരുന്നു സി.പി.ഐയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.