മലപ്പുറം: മഴ, മഴ കുട, കുട എന്ന പഴയ പരസ്യവാചകം ദേശീയപാത തിരുത്തിയെഴുതുകയാണ്. മഴ മഴ ബ്ലോക്ക് ബ്ലോക്ക്, മഴയെന്നാൽ ഗതാഗതക്കുരുക്ക് എന്ന് തിരുത്തി വായിക്കണമിവിടെ. മാനത്ത് മാരിക്കാർ വരുമ്പോഴേക്കും ജില്ലയിൽ എൻ.എച്ച് 66 വഴി കടന്നുപോകുന്ന വാഹനങ്ങൾ അതിവേഗം രക്ഷപ്പെട്ടോളണം. അല്ലെങ്കിൽ ദൂരയാത്രക്കാർ ലക്ഷ്യസ്ഥലത്തെത്താൻ നേരത്തോട് നേരമെടുത്തേക്കും.
ദേശീയപാത നിർമാണം തുടങ്ങിയതിൽ പിന്നെ ജില്ലയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ അവസ്ഥ പരിതാപകരം. 76 കിലോമീറ്റർ ദൂരത്തിലാണ് ഇവിടെ പാത. മഴപെയ്താൽ ഇത്രയുംദൂരം സഞ്ചരിക്കാൻ അഞ്ച് മണിക്കൂർ വരെ എടുക്കുന്നുവെന്ന് അനുഭവസ്ഥർ.
കഴിഞ്ഞ ആഴ്ചകളിൽ പെയ്ത വേനൽമഴയുണ്ടാക്കിയ ഗതാഗതക്കുരുക്ക് സമാനതകളില്ലാത്തതായിരുന്നു. ആറ് മണിക്കൂർ വരെ ദേശീയപാത ഗതാഗതക്കുരുക്കിൽ നിശ്ചലമായി. ഇത്തവണ കനത്ത കാലവർഷം പ്രതീക്ഷിക്കുന്നു. എന്ത് മുൻകരുതലാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് ചോദിക്കുന്നത് ജനപ്രതിനിധികൾ. ഇത് മലപ്പുറത്തുകാരെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല.
കാസർകോട് മുതൽ തിരുവനന്തപുരം വരെ ജില്ലകളിലേക്ക് സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങൾ നേരിടുന്ന പ്രതിസന്ധിയാണിത്. നിർമാണം നടക്കുന്നതുകൊണ്ട് മാത്രമുള്ള സ്വഭാവിക തടസ്സമല്ലിത്. ദേശീയപാതയിൽ വരാനിരിക്കുന്ന വലിയ പ്രതിസന്ധിയുടെ സൂചനയാണ് വേനൽമഴയിലെ വെള്ളപ്പൊക്കം.
ദേശീയപാതയോട് ചേർന്ന് നിർമിച്ച ഓവുചാലകളുടെ ആഴക്കുറവ്, പ്രകൃതിയെ പരിഗണിക്കാത്ത രൂപകൽപന, കേരളത്തിലെ ശക്തമായ മഴയെ പരിഗണിക്കാതെ നടത്തിയ ആസൂത്രണം എന്നിവയെല്ലാം പദ്ധതിയെ ബാധിക്കുമെന്നാണ് വിദ്ഗധർ പറയുന്നത്.
സർവിസ് റോഡുകളിലാവും പ്രതിസന്ധി രൂക്ഷമാവുക എന്നാണ് നിലവിലെ അനുഭവങ്ങൾ തെളിയിക്കുന്നത്. ദേശീയപാതക്ക് സമാന്തരമായി നിർമിക്കുന്ന സർവിസ് റോഡുകളാണ് പ്രദേശവാസികൾക്ക് എപ്പോഴും ഉപയോഗിക്കേണ്ടിവരിക.
മഴ പെയ്യുമ്പോഴേക്കും സർവിസ് റോഡുകളിൽ വെള്ളം പൊങ്ങുന്ന അനുഭവമാണ്. അടിപ്പാതയുള്ളിടങ്ങളിൽ സർവിസ് റോഡ് ഉയരത്തിലാണ്. ഇത്തരം റോഡുകളിൽ മതിലിടിച്ചിലും രൂക്ഷമാണ്. ദേശീയപാതക്കരികിലെ സ്കൂളുകളിലേക്ക് സഞ്ചരിക്കുന്ന വിദ്യാർഥികൾക്ക് മഴക്കാലം മഹാകഷ്ടകാലമാവുമെന്നാണ് മനസ്സിലാക്കേണ്ടത്.
ഒഴിവാക്കാവുന്ന കുപ്പിക്കഴുത്തുകൾ
മേലെ ചേളാരിയിൽ ചെനക്കലങ്ങാടി-മാതാപുഴ റോഡ് ദേശീയപാതയിൽ ചേരുന്നിടത്ത് കുപ്പിക്കഴുത്ത് രൂപപ്പെട്ടിരിക്കയാണ്. ഇവിടെ അടിപ്പാതക്ക് മുകളിൽ നിർമിച്ച മേൽപാലത്തിൽനിന്ന് തെന്നിയാണ് ജങ്ഷൻ. ദേശീയപാതയെ തീരദേശപാതയുമായി ബന്ധിപ്പിക്കുന്നതാണ് ചെനക്കലങ്ങാടി-മാതാപുഴ റോഡ്. അതുകൊണ്ട് തന്നെ ബസുൾപടെ നിരവധി വാഹനങ്ങൾ കടന്നുപോകേണ്ട ഈ കവലയിൽ മേൽപാലവും ജങ്ഷനും തമ്മിലെ പൊരുത്തക്കേട് മേഖലയിൽ ഗതാഗതസ്തംഭനത്തിന് കാരണമാവും.
ഐ.ഒ.സി (ഇന്ത്യൻ ഓയിൽ കോർപറേഷൻ) പ്ലാന്റ് ഇതിന് സമീപമാണ്. ഇവിടെ നിന്നുള്ള ടാങ്കർ ലോറികൾ ഉൾപ്പെടെ ഈ കവലയിലൂടെയാണ് കടന്നുപോവേണ്ടത്. പ്രശ്നം പരിഹരിക്കാൻ ഇപ്പോഴേ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
നിസരി ജങ്ഷൻ തിരിച്ചുവരുമോ?
രാമനാട്ടുകരയിൽനിന്ന് തൃശൂർ ഭാഗത്തേക്കുള്ള ബസ് ഉൾപ്പെടെ വാഹനങ്ങൾ മലപ്പുറം-കോഴിക്കോട് ജില്ല അതിർത്തിയിലെ ഇടിമുഴിക്കൽ നിസരി ജങ്ഷനിൽ എത്തി ദേശീയപാതിയിലേക്ക് നേരിട്ട് പ്രവേശിക്കുകയായിരുന്നു പതിവ്. ഇത് പരിഷ്കരിച്ചിരിക്കയാണ് അധികൃതർ.
നിലവിൽ നിസരി ജങ്ഷനിൽ വന്ന് വീണ്ടും കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിച്ച് മേൽപാലം വഴിയും എയർപോർട്ട് റോഡ് ജങ്ഷൻ ചുറ്റിയുമാണ് വാഹനങ്ങൾ ദേശീയപാതയിലെത്തുന്നത്. ഇത് മലപ്പുറം കോഴിക്കോട് റൂട്ടിലും ഗതാഗതക്കുരുക്കിന് കാരണമാവുന്നു. വിദൂരസർവിസ് നടത്തുന്ന ബസുൾപടെ വാഹനങ്ങൾക്ക് സമയ നഷ്ടവുമുണ്ടാക്കുന്നു.
നിസരി ജങ്ഷനിൽ അണ്ടർപാസ് നിർമിക്കുകയാണ് പ്രശ്നത്തിന് പരിഹാരം. ഈ ആവശ്യമുന്നയിച്ച് ചേലേമ്പ്ര ഗ്രാമപഞ്ചായത്തും രാമനാട്ടുകര മുനിസിപ്പാലിറ്റിയും രംഗത്തുവന്നിരുന്നു.
വ്യാപാരി സംഘടനകളും റസിഡൻസ് അസോസിയേഷനുകളും ഇവിടുത്തെ ഗതാഗത പരിഷ്കാരത്തെ എതിർത്ത് രംഗത്തെത്തി. അണ്ടർപാസ് നിർമാണത്തിന് സാങ്കേതികത്വമേറെയുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. യാത്രക്കാരെ വട്ടം കറക്കിയുള്ള ഗതാഗത പരിഷ്കാരത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നപ്പോൾ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തിയിരുന്നു. അവർ വന്നുപോയതല്ലാതെ നാട്ടുകാർക്ക് പ്രതീക്ഷയില്ല.
ലക്ഷ്യം ടോൾ പാത മാത്രമോ?; സർവിസ് റോഡ് ഉപയോഗിക്കുന്നവരോട് ചിറ്റമ്മനയം
തേഞ്ഞിപ്പലത്തെ പ്രധാന റോഡുകളിൽ ഒന്നായ ചേളാരി മാതപുഴ റോഡ് തുടങ്ങുന്ന മേലെ ചേളാരി ജങ്ഷനിൽ നിർമിച്ച മേൽപാലം ഏറ്റവും അശാസ്ത്രീയമാണ്. ഇതുമൂലം ഗതാഗത തടസ്സം തുടർക്കഥയാണ്. സർവിസ് റോഡുകളിൽ ബസ് ബെ സൗകാര്യമോ, ഓട്ടോ പാർക്കിങ്ങോ ഒരുക്കാതെ, കുറ്റമറ്റ ഡ്രൈനേജ് സംവിധാനം പോലും ഒരുക്കാതെയുള്ള നിർമാണ പ്രവർത്തനം പ്രതിഷേധാർഹമാണ്.
ലക്ഷ്യം ടോൾ പാത മാത്രമാണ്. സർവിസ് റോഡ് ഉപയോഗിക്കുന്നവർ എങ്ങനെയെങ്കിലും പോവട്ടെ എന്ന അധികാരികളുടെ ധിക്കാരനയം അനുവദിച്ചുകൂടാ. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനലയങ്ങളും കച്ചവടസ്ഥാപങ്ങളുമുള്ള കോഹിനൂർ പ്രദേശത്ത് അണ്ടർ പാസോ, ഓവർ ബ്രിഡ്ജോ ഒരുക്കാതെയുള്ള നിർമാണ പ്രവർത്തനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
പലസ്ഥലങ്ങളിലും സർവിസ് റോഡുകൾ പൊളിഞ്ഞുവീഴുന്നത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു. ദേശീയപാത വികസനം പ്രദേശ വാസികളെയും സാധാരണക്കാരെയും അരികുവത്കരിക്കുന്ന കച്ചവടപ്പാത ആക്കുന്നത് പ്രതിഷേധാർഹമാണ്- പിയൂഷ് അണ്ടിശ്ശേരി (തേഞ്ഞിപ്പലം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ)
(തുടരും)