എടവണ്ണ: ഇന്ത്യൻ അക്കാദമിക സംഘം ഈജിപ്തിലെ കൈറോ, അൽഅസ്ഹർ, അയിനുഷംസ്, കനേഡിയൻ തുടങ്ങിയ സർവകലാശാലകളും ഈജിപ്ഷ്യൻ ഭാഷ അക്കാദമിയും അലക്സാൻഡ്രിയ ലൈബ്രറിയും സന്ദർശിച്ചു. പത്തു ദിവസത്തെ സന്ദർശനത്തിൽ അക്കാദമിക് ചർച്ചകളിലും സാംസ്കാരിക വിനിമയ പരിപാടികളിലും പങ്കെടുത്തു. വിദ്യാർഥികളുടെയും അധ്യാപകരുടെയും കൈമാറ്റ നടപടികളും അന്താരാഷ്ട്ര സെമിനാറുകളും കോൺഫറൻസുകളും നടത്താമെന്ന ധാരണയും സർവകലാശാലകളുമായി പങ്കുവെച്ചു. അൽ അസ്ഹർ യൂനിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.സലാമ ജുമുഅ ദാവൂദുമായും വിദേശ വിദ്യാർഥി കാര്യ ഉപദേഷ്ടാവായ പ്രഫ. നഹ്ല അൽ സഈദിയുമായും ചർച്ചകൾ നടത്തി. വൈജ്ഞാനിക കൊടുക്കൽ വാങ്ങലുകൾക്ക് പൂർണ പിന്തുണ അറിയിച്ചു. അറബ് സാഹിത്യ ലോകത്ത് വിസ്മരിക്കാനാവാത്ത പിന്തുണയും സഹകരണവും ഇന്ത്യ നൽകിയിട്ടുണ്ട്. കെയ്റോ യൂനിവേഴ്സിറ്റി ദാറുൽ ഉലൂം കോളജ് പ്രിൻസിപ്പൽ ഡോ. അഹ്മദ് ബൽബൂൻ ഓർമിപ്പിച്ചു.
കാലിക്കറ്റ് യൂനിവേഴ്സിറ്റി അറബിക് വിഭാഗം മേധാവി ഡോ. എ.ബി. മൊയ്തീൻകുട്ടി അക്കാദമിക യാത്രക്ക് നേതൃത്വം നൽകി. ഡോ. എം.കെ. സാബിക് (അറബിക് വിഭാഗം മേധാവി, എം.ഇ.എസ് മമ്പാട് കോളജ്), ഡോ. അബ്ദുൽ മജീദ് (മുൻ രജിസ്ട്രാർ, യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്), ഇ. അബ്ദുൽ മജീദ് (അസോസിയേറ്റ് പ്രഫ, കാലിക്കറ്റ് സർവകലാശാല), ഡോ. അലി നൗഫൽ (അസോ. പ്രഫ, കാലിക്കറ്റ് സർവകലാശാല), ഡോ. മുഹമ്മദ് ഹനീഫ(റിട്ട. പ്രഫ. കാലിക്കറ്റ് സർവകലാശാല), ഡോ. ഇ.കെ. ഷമീർ ബാബു (അസി.പ്രൊഫ. എം.ഇ.എസ് മമ്പാട് കോളജ്), ഡോ. ഫിർദൗസ് ചാത്തല്ലൂർ (അസി. പ്രഫ. എം.ഇ.എസ് മമ്പാട് കോളജ്), ഡോ. അഷ്റഫ് (അസി.പ്രഫ. എം.ഇ.എസ് മമ്പാട് കോളജ്), ഡോ. നജ്മുദ്ദീൻ (അസി.പ്രഫ. ഡബ്ല്യു.എം.ഒ കോളജ്, മുട്ടിൽ) തുടങ്ങിയവരും അക്കാദമിക സംഘത്തിൽ ഉണ്ടായിരുന്നു. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറുടെ ഉപഹാരവും സർവകലാശാലയുടെ വിവരപുസ്തകവും വിവിധ സർവകലാശാലകൾക്ക് കൈമാറി.