വള്ളിക്കുന്ന്: കാക്കഞ്ചേരിക്ക് സമീപം സ്പിന്നിങ് മില്ലിൽ ദേശീയപാതയിലേക്ക് വീഴാറായ കുന്നിൻചെരുവിലെ പാറക്കല്ലുകൾ മാറ്റാൻ നടപടി വൈകുന്നു. കനത്ത മഴയിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഇടിഞ്ഞ് വീണതിന്റെ ബാക്കിഭാഗമാണ് ഭീഷണി ഉയർത്തുന്നത്. ഭീമൻ പാറക്കല്ലുകളും മണ്ണും ദേശീയപാത സർവിസ് റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇടിഞ്ഞ് മൂന്ന് ദിവസമായിട്ടും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. സർവിസ് റോഡിലേക്ക് കല്ലും മണ്ണും നീക്കിയെങ്കിലും പാറക്കല്ലുകൾ ഏതുസമയവും വീഴാൻ പാകത്തിൽ നിൽക്കുന്നതിനാലാണ് ഗതാഗതം പുനഃസ്ഥാപിക്കാത്തത്.
ഇതിനായി സർവിസ് റോഡിൽ നിന്നും ഒന്നര മീറ്റർ മാറി പുതിയ റോഡ് ഒരുക്കിയെങ്കിലും പാറക്കല്ലുകൾ മാറ്റാതെ ഗതാഗതം തുറന്നുകൊടുക്കാൻ പാടില്ലെന്ന് നാട്ടുകാരും ഗ്രാമ പഞ്ചായത്ത് അധികൃതരും റോഡ് നിർമാണ കമ്പനിയെ അറിയിച്ചു. പാറക്കല്ല് ഉടൻ മാറ്റണമെന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, അംഗം ഉഷാ തോമസ് എന്നിവരുടെ നേതൃത്വത്തിൽ പരിസരവാസികൾ കെ.എൻ.ആർ.സി അധികൃതരെ അറിയിച്ചു. പുതുതായി നിർമിച്ച റോഡിലൂടെ ഗതാഗതം തുറന്ന് കൊടുക്കാൻ നിർമാണ കമ്പനി അധികൃതർ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ പ്രതിഷേധവുമായി എത്തി. ഇതോടെ തീരുമാനം മാറ്റുകയായിരുന്നു. അപകട സ്ഥലത്തുനിന്ന് ഒന്നരമീറ്റർ മാത്രം അകലെ പുതുതായി നിർമിച്ച താൽക്കാലിക റോഡും കുന്നിടിച്ചിൽ ഭീഷണിയിലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
സ്പിന്നിങ് മിൽ ഭാഗത്ത് സർവിസ് റോഡിൽ ഒട്ടേറെ സ്ഥലങ്ങളിൽ വിള്ളൽ രൂപപ്പെട്ടതും ഗതാഗതത്തിന് ഭീഷണിയായെന്ന് നാട്ടുകാരും ജനപ്രതിനിധികളും സൂചിപ്പിച്ചു. ഇവിടെ തുരങ്ക രൂപത്തിൽ പോവുന്ന ആറുവരിപ്പാതയുടെ അരികുഭിത്തികൾ രണ്ട് സ്ഥലങ്ങളിൽ വലിയതോതിൽ ഇടിച്ചിലുണ്ടായിട്ടുണ്ട്. പൊട്ടിവീഴാറായ പാറക്കല്ല് മാറ്റണമെങ്കിൽ എൻജിനീയറിങ് വിഭാഗം എത്തണമെന്ന് നിർമാണ കമ്പനി നാട്ടുകാരെ അറിയിച്ചു. ജനപ്രതിനിധികളും നാട്ടുകാരും ഉന്നയിച്ച ആവശ്യം നിർമാണ കമ്പനി എൻജിനീയറിങ് വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ചയെ എൻജിനീയറിങ് വിഭാഗം എത്താൻ സാധ്യത. ഇതനുസരിച്ചാണെങ്കിൽ ഗതാഗതം തുറന്ന് കൊടുക്കാൻ ഇനിയും വൈകും.
എന്നാൽ, മണ്ണിടിഞ്ഞ പ്രദേശത്ത് ദുരന്ത സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകുന്ന റിപ്പോർട്ടാണ് വില്ലേജ് അധികൃതർ തഹസിൽദാർക്ക് നൽകിയത്. പുതുതായി നിർമിച്ച റോഡിന്റെ വിവിധ ഭാഗങ്ങൾ ഇത്തരത്തിൽ അപകട ഭീഷണി ഉയർത്തുന്നുണ്ട്. നിലവിൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ വഴി തിരിച്ചുവിടുകയാണ്. ഇത് ഗ്രാമീണ റോഡുകളിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. ജൽജീവൻ മിഷൻ പദ്ധതിക്കായി റോഡിൽ ഒരുക്കിയ ചാലുകളും വാഹനങ്ങൾക്ക് ഭീഷണിയാണ്.