പൊന്നാനി: നീന്തലിൽ പ്രാവീണ്യമില്ലാത്തതിനാൽ മുങ്ങിമരണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ അതിന് അറുതി വരുത്താൻ പൊന്നാനിയിലെ നീന്തൽ കൂട്ടായ്മ ‘സ്വിം ബ്രോസ്’ രംഗത്ത്.
ഈ വർഷം ആയിരം പേർക്ക് കൂട്ടായ്മ നീന്തൽ പരിശീലനം നൽകും. നരിപ്പറമ്പ് പമ്പ് ഹൗസിനടുത്തും മാറഞ്ചേരി, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കുളങ്ങളിലും സ്വിമ്മിങ് പൂളിലുമായാണ് പദ്ധതി പൂർത്തിയാക്കുക. സ്കൂൾ വിദ്യാർഥികൾ, യുവാക്കൾ, വനിതകൾ തുടങ്ങിയവരെ ഒരു വർഷത്തിനുള്ളിലായി ആയിരം എന്ന എണ്ണം പൂർത്തീകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതി ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 4.30ന് നരിപ്പറമ്പ് ബദരിയ മദ്റസയിൽ പി. നന്ദകുമാർ എം.എൽ.എ നിർവഹിക്കും. പൊന്നാനി സി.ഐ ആർ. സുജിത് കുമാർ, ജില്ല വിദ്യാഭ്യാസ ഓഫിസർ ബാബു എന്നിവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ പി.പി. മൊയ്തീൻകുട്ടി, കെ.എ. ബക്കർ, ഇ.വി. നാസർ, വി.പി. ഗംഗാധരൻ, ഫിറോസ് ആന്തൂർ, കെ.വി. നാസിർ എന്നിവർ സംബന്ധിച്ചു.