തിരൂർ: തിരൂരിൽ മഴക്കാല പൂർവ ശുചീകരണം അവതാളത്തിലായതിൽ പ്രതിഷേധിച്ച് തിരൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി.
പകർച്ചവ്യാധികൾ തടയാൻ മഴക്കാലത്തിന് മുമ്പ് ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ നഗരസഭയിൽ യാതൊരു മുന്നൊരുക്കവും ഉണ്ടായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
മാലിന്യം യഥാവിധി സംസ്കരിക്കാൻ അധികൃതർക്കാവുന്നില്ലെന്നും ട്രഞ്ചിങ് ഗ്രൗണ്ടിൽ കത്തിയ മാലിന്യം കെട്ടിക്കിടക്കുന്നുവെന്നും എന്ത് ഭരണമാണ് നടക്കുന്നതെന്നും യു.ഡി.എഫ് ഭരണ സമിതി രാജിവെച്ച് പോകണമെന്നാണ് നാടിന്റെ ആവശ്യമെന്നും പ്രതിപക്ഷം വിമർശിച്ചു.
തുടർന്ന് യോഗത്തിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോവുകയായിരുന്നു.പ്രതിപക്ഷ നേതാവ് അഡ്വ. എസ്. ഗിരീഷിന്റെ നേതൃത്വത്തിൽ ട്രഞ്ചിങ് ഗ്രൗണ്ടിലെത്തി മാലിന്യ കുമ്പാരം സന്ദർശിച്ചു.
കൗൺസിലർമാരായ വി. നന്ദൻ, സി. നജീമുദ്ദീൻ, പി. സീതാലക്ഷ്മി, മിർഷാദ് പാറയിൽ, അഡ്വ. ജീന ഭാസ്കർ, ടി.കെ. യാസിൻ, കെ. സരോജാ ദേവി, ഇന്ദിരാകൃഷ്ണൻ, കെ. ഖദീജ, സീനത്ത് റഹ്മാൻ എന്നിവർ സന്ദർശിച്ചു.