മഞ്ചേരി: വേനലവധിക്കാലത്ത് തന്റെ പ്രിയപ്പെട്ട കുട്ടികൾ എന്തൊക്കെ ചെയ്യുന്നുണ്ടാകും. അറിയാൻ അധ്യാപകർക്കും കൗതുകമുണ്ടാകും. ഇത് അറിയാൻ മഞ്ചേരി തുറക്കൽ എച്ച്.എം.എസ്.എ.യു.പി സ്കൂളിലെ അധ്യാപകനായ നാസിറുദ്ദീൻ മൊയ്തു വേറിട്ട വഴിയാണ് തെരഞ്ഞെടുത്തത്. താൻ പഠിപ്പിക്കുന്ന രണ്ടാം ക്ലാസിലെ കുട്ടികളുടെ വിശേഷങ്ങൾ ആരാഞ്ഞ് കത്തെഴുതി പോസ്റ്റ് ചെയ്യുകയായിരുന്നു. ക്ലാസിലെ 34 കുട്ടികൾക്കാണ് സ്വന്തം മേൽവിലാസത്തിലേക്ക് കത്ത് വീട്ടിലെത്തിയത്.
കുട്ടികളുടെ വാട്സ് ആപ്പ് ഗ്രൂപ്പ് വഴി വിലാസം അയക്കാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തരും തങ്ങളുടെ മേൽവിലാസം അധ്യാപകന് അയച്ചുനൽകി. കഴിഞ്ഞ വെള്ളിയാഴ്ച കിഴക്കേത്തല പോസ്റ്റ് ഓഫിസിൽ നിന്ന് കത്തുകൾ അയച്ചു. ഒരാഴ്ച സമയമെടുത്താണ് കത്തുകൾ തയാറാക്കിയത്. ക്ലാസ് ഫോട്ടോ പ്രിൻറ് ചെയ്ത കത്തിലൂടെയാണ് അധ്യാപകൻ വിദ്യാർഥികളോട് കുശലാന്വേഷണം നടത്തുന്നത്. എല്ലാവരും അവധിക്കാലം നന്നായി ആഘോഷിച്ചില്ലേ, എന്തൊക്കെ ചെയ്തു, എവിടെയെല്ലാം പോയി, അടുത്ത വർഷം പുതിയ ക്ലാസിലെത്തുമ്പോൾ നന്നായി പഠിക്കണമെന്നും കത്തിലുണ്ട്. സ്വന്തം മേൽവിലാസത്തിൽ പോസ്റ്റ്മാൻ കുട്ടികളെ തേടി വീട്ടിൽ എത്തിയത് അവർക്കുണ്ടാക്കിയത് പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദം.
ആശയ വിനിമയത്തിന്റെ പഴയ മാതൃകയായ കത്തെഴുത്ത് വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് വേറിട്ട ആശയം തെരഞ്ഞെടുത്തതെന്ന് നാസിറുദ്ദീൻ പറഞ്ഞു. കഴിഞ്ഞ അവധിക്കാലത്ത് കുട്ടികളുടെ വീടുകൾ നേരിട്ട് സന്ദർശിച്ചിരുന്നു. ഇത്തവണ പുതിയ രീതി സ്വീകരിക്കുകയായിരുന്നു. കുട്ടികളുടെ സന്തോഷത്തോടെയുള്ള മറുപടിക്കായി കാത്തിരിക്കുകയാണ് ഈ അധ്യാപകൻ. 11 വർഷമായി തുറക്കൽ സ്കൂളിൽ ജോലി ചെയ്തുവരികയാണ്. ടി.ടി.സിക്ക് പഠിക്കുന്ന ഫാത്തിമ ഹിബയാണ് ഭാര്യ. ഐഹം മൊയ്തു മകനാണ്.