കൊണ്ടോട്ടി: അഗ്നിബാധകള്‍ തുടര്‍ക്കഥയാകുമ്പോഴും കൊണ്ടോട്ടി നഗരവും പരിസരഗ്രാമങ്ങളും പ്രതിരോധമില്ലാതെ നെട്ടോട്ടത്തിൽ. ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായിട്ടുപോലും കൊണ്ടോട്ടിയില്‍ അഗ്നിരക്ഷനിലയം സ്ഥാപിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം അവഗണിക്കപ്പെടുകയാണ്. ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഈ ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയരാറുണ്ടെങ്കിലും കേന്ദ്രം സ്ഥാപിക്കുന്നതില്‍ മാറിവരുന്ന സര്‍ക്കാറുകളില്‍നിന്ന് കാര്യക്ഷമമായ ഇടപെടൽ ഇല്ല.
കരിപ്പൂർ വിമാനത്താവളത്തില്‍ ആധുനിക സംവിധാനത്തോടെയുള്ള അഗ്നിരക്ഷസേനയുണ്ടെന്ന കാരണം മുന്‍നിര്‍ത്തി ജനകീയാവശ്യത്തിന് മുഖംനല്‍കാതെ ഒഴിഞ്ഞുമാറുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കത്തുന്ന വേനലില്‍ നഗരത്തിലും സമീപ ഗ്രാമപ്രദേശങ്ങളിലും തോട്ടങ്ങള്‍ക്കും പുല്ക്കാടുകള്ക്കുമെല്ലാം തീപിടിക്കുന്നത് പതിവാണ്. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളും അഗ്നിക്കിരയാകുന്ന സംഭവങ്ങളുണ്ടാകാറുണ്ട്. ഈ ഘട്ടങ്ങളിലെല്ലാം കിലോമീറ്ററുകള്‍ അകലെയുള്ള മഞ്ചേരി, മലപ്പുറം, കോഴിക്കോട്, മീഞ്ചന്ത, മുക്കം തുടങ്ങിയ നിലയങ്ങളില്‍നിന്നുള്ള അഗ്നിരക്ഷസേനയാണ് കൊണ്ടോട്ടിയിലെത്താറ്.
വലിയ ദുരന്തങ്ങളുണ്ടാകുമ്പോള്‍ മാത്രമാണ് വിമാനത്താവള അതോറിറ്റിയുടെ ‘പാന്തര്‍’ വാഹനം തീയണക്കാന്‍ പ്രയോജനപ്പെടാറുള്ളത്. വിമാനത്താവള അധികൃതരുടെ അനുമതി ലഭിക്കാതെ ഈ വാഹനം പുറത്തുള്ള അഗ്നിരക്ഷാപ്രവര്ത്തനങ്ങള്ക്ക് ഉപയോഗിക്കാനാകില്ല.
തീപിടിത്തം ഉൾപ്പെടെയുള്ള ദുരന്തങ്ങളുണ്ടാകുമ്പോള്‍ മണിക്കൂറുകളോളം കാഴ്ചക്കാരായി നോക്കിനില്‍ക്കേണ്ട ഗതികേടിലാണ് നാട്ടുകാരും വ്യാപാരികളും. അഗ്നിബാധ തടയാന്‍ തദ്ദേശീയരും സന്നദ്ധ പ്രവര്‍ത്തകരും രംഗത്തിറങ്ങേണ്ട അവസ്ഥയാണ്. 20 കിലോമീറ്റര്‍ അകലെയുള്ള മലപ്പുറം, മഞ്ചേരി, 21 കിലോമീറ്റര്‍ അകലെയുള്ള മീഞ്ചന്തയില്‍നിന്നും കോഴിക്കോട് ബീച്ച്, മുക്കം നിലയങ്ങളില്നിന്നുമൊക്കെയാണ് അഗ്നിരക്ഷസേനയുടെ യൂനിറ്റുകള്‍ കൊണ്ടോട്ടിയില്‍ എത്താറുള്ളത്. ദൂരം കൂടുന്നതനുസരിച്ച് ദുരന്തത്തിന്റെ വ്യാപ്തിയും വര്‍ധിക്കാന്‍ കാരണമാകുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നഗരത്തിലെ വര്‍ക് ഷോപ്പിനു മുന്നില്‍ നിര്‍ത്തിയിട്ട രണ്ടു കാറുകള്‍ക്ക് തീപിടിച്ചപ്പോള്‍ മലപ്പുറത്തുനിന്നാണ് സേന യൂനിറ്റ് എത്തിയത്. ഇതിനിടെ കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.
കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ ബൈപാസ് റോഡ് കേന്ദ്രീകരിച്ചാണ് നഗരത്തിലെ പ്രധാന വ്യാപാരസ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്. നിയമാനുസൃത അകലംപോലും പാലിക്കാതെയുള്ള കെട്ടിടങ്ങളില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചെറിയ അഗ്നിബാധകള്‍ വലിയ ദുരന്തങ്ങള്‍ക്ക് വഴിതുറക്കാനുള്ള സാധ്യതയേറെയാണ്.
സര്‍ക്കാറിന്റെ ഗുരുതര അനാസ്ഥ -ടി.വി. ഇബ്രാഹിം എം.എല്‍.എ
കൊണ്ടോട്ടി: അഗ്നിബാധകളും മറ്റു ദുരന്തങ്ങളും ആവര്‍ത്തിക്കുമ്പോള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ അനിവാര്യമായ അഗ്നിരക്ഷനിലയം കൊണ്ടോട്ടിയില്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ തുടരുന്ന അവഗണന നയം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ. നിലയത്തിനായി നിരന്തരം ആവശ്യമുന്നയിച്ചിട്ടും യാതൊരു പരിഗണനയുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊണ്ടോട്ടി കേന്ദ്രീകരിച്ച് അഗ്നിരക്ഷനിലയം അനുവദിക്കണമെന്ന് നിയമസഭയിലും വകുപ്പ് മന്ത്രിക്ക് നല്കിയ കത്തുകള്‍ മുഖേനയും നിരവധി തവണ ആവശ്യപ്പെട്ടതാണ്. പരിഗണിക്കാമെന്ന മറുപടിയില്‍ കവിഞ്ഞ് ഇക്കാര്യത്തില്‍ അനുഭാവപൂര്‍വമായ സമീപനം സര്‍ക്കാറില്‍നിന്നുണ്ടായിട്ടില്ല. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സ്ഥലവും കെട്ടിടവും അനുവദിക്കുകയാണെങ്കില്‍ സ്റ്റേഷന് ആരംഭിക്കുന്നത് പരിഗണിക്കാമെന്ന് വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. സ്ഥലം കണ്ടെത്താമെന്ന് അറിയിച്ചിട്ടും നടപടികള്‍ അകാരണമായി വൈകി. കൊണ്ടോട്ടി ചിറയിലിലും ചീക്കോട് പഞ്ചായത്തിലെ കൊളമ്പലത്തും നിലയമൊരുക്കാന് സ്ഥലം കണ്ടെത്തി വിവരം സര്‍ക്കാറിനെ ധരിപ്പിച്ചെങ്കിലും പിന്നീട് പ്രതികരണമൊന്നുമില്ലെന്ന് എം.എല്‍.എ വ്യക്തമാക്കി.