പരപ്പനങ്ങാടി: വോട്ട് ചെയ്യാൻ വരുന്നതിനിടെ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.
വെള്ളിയാഴ്ച്ച പകല്‍ 9.30 മണിയോടെ പോളിങ് ബൂത്തായ ബി.ഇ.എം എൽ.പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ് കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ ഖബറടക്കും.
ഭാര്യ: റസിയ. മക്കൾ: ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽ ഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.