കുറ്റിപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളജിൽ എത്തിയ പൊന്നാനി മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യനെ വിദ്യാർഥികൾ തടഞ്ഞു. എസ്.എഫ്.ഐ -എം.എസ്.എഫ് പ്രവർത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് 12നാണ് സംഭവം. കോളജ് അധികൃതരെ മുൻകൂട്ടി അറിയിച്ച് അനുമതി വാങ്ങിയാണ് സ്ഥാനാർഥി കാമ്പസിൽ എത്തിയത്. കാറിൽനിന്നിറങ്ങിയ സ്ഥാനാർഥിയെ കോളജിൽ പ്രവേശിപ്പിക്കില്ലെന്ന് സംഘടിച്ചെത്തിയ എസ്.എഫ്.ഐ – എം.എസ്.എഫ് പ്രവർത്തകർ പറഞ്ഞു.
ഏറെനേരം വാക്തർക്കത്തിൽ ഏർപ്പെട്ട സ്ഥാനാർഥി ഒടുവിൽ മടങ്ങുകയായിരുന്നു. ബി.ജെ.പിയുടെ വർഗീയ നിലപാടിനെതിരെയാണ് പ്രതിഷേധിച്ചതെന്നാണ് വിദ്യാർഥികൾ പറയുന്നത്.
അതേസമയം, അഭിഭാഷകകൂടിയായ തനിക്ക് ഒരു ലോ കോളജിൽനിന്ന് ഇത്തരം ദുരനുഭവമാണ് ഉണ്ടായതെങ്കിൽ, അവിടെനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾ ഏത് രീതിയിലാണ് ജനാധിപത്യ സമൂഹത്തിൽ പെരുമാറുകയെന്നത് ആശങ്കക്കിടയാക്കുന്നതാണെന്ന് നിവേദിത പറഞ്ഞു.