കാളികാവ്: വയസ്സ് തൊണ്ണൂറിനടുത്താണെങ്കിലും ഖുർആൻ പഠനത്തിലും പാരായണത്തിലും ബീഫാത്തിമക്ക് വിശ്രമമില്ല. ഖുർആൻ പഠനത്തിനായി യൗവനകാലമത്രയും വിനിയോഗിച്ച ഈ ഉമ്മ പ്രായം തളർത്തിത്തുടങ്ങിയെങ്കിലും ഖുർആനെ ഒപ്പം ചേർത്തുനിർത്തുകയാണ്.
ഖുര്‍ആന്‍ പഠനത്തിലൂടെ ഒട്ടേറെ പുരസ്കാരങ്ങളും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. 1998ല്‍ അക്കാദമി ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് റിസര്‍ച്ചിന് കീഴില്‍ നടത്തിയ ഫസ്റ്റ് സെമസ്റ്റര്‍ ഖുര്‍ആന്‍ പരീക്ഷയില്‍ ബി ഗ്രേഡ് നേടി. പിന്നീട് തൊട്ടടുത്ത വര്‍ഷങ്ങളിലും ഖുര്‍ആന്‍ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി ഏറെ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി.
2006ല്‍ സംസ്ഥാന ഖുര്‍ആന്‍ പരീക്ഷയില്‍ മൂന്നാം സ്ഥാനം നേടി. 2007ല്‍ സംസ്ഥാനതലത്തില്‍ ക്വിസ്, തജ്വീദ്, ഹിഫ്ദ്, കാഴ്ചപ്പാട് എന്നീ നാല് മത്സരങ്ങളില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചു. 2009ല്‍ ഖുര്‍ആന്‍ ലേണിങ് സ്കൂള്‍ സംസ്ഥാനതലത്തില്‍ നടത്തിയ ഖുര്‍ആന്‍ വൈജ്ഞാനിക പരീക്ഷയില്‍ അഞ്ചാം വര്‍ഷ വിഭാഗത്തില്‍ ബീഫാത്തിമക്കായിരുന്നു ഒന്നാം റാങ്ക്.
2011ല്‍ ആറാം വര്‍ഷ വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയപ്പോള്‍ മകളും തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്കൂള്‍ അധ്യാപികയുമായ റസിയാബി ഏഴാം വര്‍ഷ വിഭാഗത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ഉമ്മക്കൊപ്പമെത്തി. എം.എസ്.എം സംസ്ഥാനതലത്തില്‍ നടത്തിയ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ബീഫാത്തിമയുടെ കുടുംബത്തിലേക്കാണ് ആദ്യ രണ്ട് റാങ്കുകളും എത്തിയത്.
പണ്ഡിതനും അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയില്‍ ഒപ്പം പ്രവര്‍ത്തിച്ചയാളുമായ പിതാവ് പി.കെ. മൂസ മൗലവിയുടെ പൈതൃകത്തണലാണ് ബീഫാത്തിമയെ ഖുര്‍ആനിന്റെ തണലിലേക്ക് വഴി തെളിയിച്ചത്. തിരൂരങ്ങാടിയിലെ പരേതനായ കരുമാടത്ത് ഉസ്മാന് കോയയാണ് ഭർത്താവ്. മകൾ കാളികാവ് ചാഴിയോട് എം.എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപിക പി. റഹ്മത്തിന്റെ കൂടെയാണിപ്പോൾ താമസം.