കൊണ്ടോട്ടി: അധ്യാപക ജീവിതം കഴിഞ്ഞാലെന്ത് എന്ന ചോദ്യം ഒഴുകൂര്‍ ജി.എം.യു.പി സ്കൂളില്‍നിന്ന് ഈ വര്‍ഷം പടിയിറങ്ങുന്ന പത്മനാഭന് മാസ്റ്ററെ അലട്ടില്ല. ജീവിതത്തില്‍ ഏറെ പ്രണയിച്ച കായിക ലോകത്തേക്ക് ഇടവേളകളില്ലാതെ സ്വയം പറിച്ചുനടാനാകുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. ഓടിയും നീന്തിയും സൈക്കിള്‍ സവാരി നടത്തിയും ശരീര സൗന്ദര്യ മത്സരങ്ങളില്‍ വ്യാപൃതനായും ഇനി മാസ്റ്റര്‍ കളം നിറയും.
26 വര്‍ഷങ്ങള്‍ക്കുമുമ്പാണ് വിളയില്‍ സ്വദേശിയായ പത്മനാഭന് സര്‍ക്കാര്‍ സര്‍വിസില്‍ അധ്യാപക ജീവിതം ആരംഭിക്കുന്നത്. വിളയില്‍ പറപ്പൂര് പള്ളിമുക്ക് വിദ്യാലയത്തില്‍നിന്ന് ആരംഭിച്ച് ഒഴുകൂര്‍ ജി.എം.യു.പി സ്കൂളില്‍നിന്ന് പടിയിറങ്ങുന്നതുവരെ മികച്ച അധ്യാപകനെന്ന രീതിയില്‍ വലിയൊരു ശിഷ്യസമ്പത്തിന് ഉടമയായതിനൊപ്പം മൈതാനങ്ങളിലെ ട്രാക്കുകളില്‍നിന്നും നീന്തല്ക്കുളങ്ങളില്നിന്നും നിരവധി മെഡലുകളും അദ്ദേഹം വാരിക്കൂട്ടി. ഓടിയും നടന്നും നീന്തിയും അധ്യാപനത്തിനൊപ്പം സ്വന്തം പേരിലാക്കിയത് ദേശീയ, അന്തര്‍ദേശീയ മെഡലുകളാണ്.
1990ല്‍ കോഴിക്കോട് സര്‍വകലാശാല ഹാഫ് മാരത്തണ്‍ ചാമ്പ്യനായാണ് തുടക്കം. ആ വര്‍ഷം തന്നെ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നടന്ന സൗത്ത് സോണ്‍ സര്‍വകലാശാല മീറ്റില്‍ ക്രോസ് കണ്ട്രിയില് ഒന്നാം സ്ഥാനം നേടിയ ടീമില്‍ അംഗമായി. ഭുവനേശ്വറില്‍ നടന്ന അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല മീറ്റില്‍ രണ്ടാം സ്ഥാനവും നേടി.
തുടര്‍ന്നങ്ങോട്ട് മെഡലുകളുടെ പ്രവാഹമാണ് മാസ്റ്ററെ തേടിയെത്തിയത്. സിവില്‍ സര്‍വിസ് സംസ്ഥാനതല കായിക മേളയില്‍ 800, 1500, 5000, 10,000 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ നിരവധി തവണ ചാമ്പ്യനായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന സിവില്‍ സര്‍വീസ് പുണെ മീറ്റില്‍ 800, 1,500 വിഭാഗം ഓട്ട മത്സരങ്ങളില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി. ദേശീയ മാസ്റ്റേഴ്സ് മീറ്റില്‍ 800 മീറ്ററില്‍ നാല് തവണയും 1,500 മീറ്ററില്‍ രണ്ട് തവണയും സ്വർണം നേടി.
നാസിക്കില്‍ നടന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റില്‍ 5,000 മീറ്റര്‍ നടത്ത മത്സരത്തില്‍ വെള്ളി മെഡല്‍ സ്വന്തം പേരിലാക്കി. സംസ്ഥാന തലത്തില്‍ ഈ വിഭാഗത്തില്‍ നിരവധി മെഡലുകള്‍ സ്വന്തമാണ്. നീന്തല്‍ കുളത്തിലും തന്റെ വൈഭവം തെളിയിച്ച മാസ്റ്റര്‍ രണ്ട് തവണ കേരള ടീമില്‍ അംഗമായിരുന്നു. ശരീര സൗന്ദര്യം മത്സരത്തിലും ഒരു കൈ നോക്കിയപ്പോഴും വിജയം കൂടെ നിന്നു. സിവില്‍ സര്‍വീസ് മീറ്റിലെ സംസ്ഥാനതല ശരീര സൗന്ദര്യ മത്സരത്തില്‍ 2022ല്‍ മൂന്നാം സ്ഥാനം നേടി. മഞ്ചേരി ജില്ല കോടതി ജീവനക്കാരിയായ വിജയലക്ഷ്മിയാണ് ഭാര്യ. കുസാറ്റില്‍ എം.സി.എ വിദ്യാർഥിയായ മണികണ്ഠന്, പ്ലസ് ടു വിദ്യാർഥിനി ഗായത്രി എന്നിവര്‍ മക്കളും.