പെരിന്തൽമണ്ണ: 11 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവിന് ആറു വർഷം കഠിനതടവും 27,000 രൂപ പിഴയടക്കാനും ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഏഴു മാസം അധിക തടവിനും ശിക്ഷിച്ചു. വെങ്ങാട് അംബേദ്കർ കോളനിയിലെ കണിയാംമുക്ക് പറമ്പ് വീട്ടിൽ മുഹമ്മദ് സുഹൈലിനെ (22) യാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ബാലികയുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് ലൈംഗികാതിക്രമം നടത്തിയത്. കൊളത്തൂർ പൊലീസാണ് കേസെടുത്ത് അന്വേഷിച്ചത്. പ്രതി പിഴയടക്കുന്ന പക്ഷം 25,000 രൂപ അതിജീവിതക്ക് നല്‍കണം. കൊളത്തൂര്‍ സബ് ഇന്‍സ്പെക്ടറായിരുന്ന ഉദയകുമാര്‍, ഇന്‍സ്പെക്ടറായിരുന്ന എ. സജിത് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രോസിക്യൂഷന് ഭാഗം തെളിവിലേക്കായി എട്ട് സാക്ഷികളെ വിസ്തരിച്ചു. 15 രേഖകള്‍ ഹാജരാക്കി. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.