മലപ്പുറം: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിലെടുത്ത കേസുകളിൽ ഗുരുതരമായ കുറ്റകൃത്യമുള്ളവ മാത്രമാണ് പിൻവലിക്കാത്തതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതെന്നും എന്നാൽ എന്താണ് ആ ഗുരുതര കുറ്റകൃത്യങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ.
മലപ്പുറത്ത് പൗരത്വഭേദഗതി നിയമത്തിനെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റി നടത്തിയ നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയുടെയും അമിത്ഷായുടെയും കോലം കത്തിച്ചതാണ് മുഖ്യമന്ത്രിയുടെ പൊലീസിന് ഏറ്റവും ഗുരുതരമായ തെറ്റ്. അല്ലെങ്കിൽ പൗരത്വ നിയമത്തിനെതിരെ ജാഥ നടത്തിയതാണോ, മുദ്രാവാക്യം വിളിച്ചതാണോ, റോഡ് ഉപരോധിച്ചതാണോ ഗുരുതര കുറ്റകൃത്യങ്ങളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പൗരത്വ ബിൽ അവതരിപ്പിച്ച മോദിയും കേരളത്തിൽ പൗരത്വ നിയമത്തിനെതിര പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പിണറായി വിജയനും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്. ഒമ്പത് വർഷം മുമ്പ് കേരള നിയമസഭയിൽ എൽ.ഡി.എഫ് എം.എൽ.എമാർ നടത്തിയ ആക്രമണങ്ങൾക്കെതിരെ കേസുകൾ പിൻവലിക്കാൻ കോടതിയിൽ ലക്ഷങ്ങൾ മുടക്കിയ മുഖ്യമന്ത്രി പൗരത്വ പ്രതിഷേധങ്ങൾക്കെതിരെ കേസ് ഒഴിവാക്കാൻ തായാറാവുന്നില്ല. പൗരത്വനിയമത്തിൽ അദ്ദേഹം ആത്മാർഥതയില്ലാതെ ഇരട്ടത്താപ്പ് കളിക്കുകയാണ്.
ഞങ്ങളാണ് പൗരത്വ നിയമത്തെ എതിർക്കുന്നതെന്ന് വരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇപ്പോൾ ശ്രമിക്കുന്നത് ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂറുകണക്കിന് പ്രവർത്തകർ തീപന്തമേകി അണിനിരഞ്ഞ പ്രതിഷേധ മാർച്ചിന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. വി.എസ്. ജോയി, എ.പി. അനിൽ കുമാർ എം.എൽ.എ, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ നേതൃത്വം നൽകി.