താനൂരിൽ ട്രെയിനിറങ്ങിയ യുവാവിന്റെ മലദ്വാരത്തിൽ കവർച്ചാസംഘം പൈപ്പ് കുത്തിയിറക്കി

താനൂരിൽ ട്രെയിനിറങ്ങിയ യുവാവിന്റെ മലദ്വാരത്തിൽ കവർച്ചാസംഘം പൈപ്പ് കുത്തിയിറക്കി

താനൂർ: താനൂർ റെയിൽവേ സ്റ്റേഷനിൽ പട്ടാപ്പകൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് അഞ്ചംഗ സംഘം കവർച്ച നടത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ കൊൽക്കത്ത സ്വദേശിയായ തൊഴിലാളി രത്തൻ ദാസാണ് ക്രൂരമായ മർദനത്തിനും കവർച്ചക്കുമിരയായത്.

ട്രെയിനിറങ്ങിയ ഉടൻ കവർച്ചസംഘത്തിന്റെ പിടിയിലകപ്പെട്ട രത്തൻ ദാസിനെ വായ പൊത്തിപ്പിടിച്ച് പ്ലാറ്റ്ഫോമിന് പുറത്തേക്ക് വലിച്ചിഴച്ചു. മൊബൈൽ ഫോണും പഴ്സും കവർന്നതോടെ ചെറുക്കാൻ ശ്രമിച്ച രത്തൻ ദാസിന്റെ മലദ്വാരത്തിൽ പ്ലാസ്റ്റിക് പൈപ്പ് കുത്തിക്കയറ്റി. ഉറക്കെ നിലവിളിച്ച ഇയാളെ മൃതപ്രായനായ നിലയിൽ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.

ഗുരുതരാവസ്ഥയിലായിരുന്ന രത്തൻ ദാസിനെ നാട്ടുകാർ ആദ്യം താനൂരിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് തിരൂർ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. താനൂർ സബ് ഇൻസ്പെക്ടർ എം. ജയപ്രകാശും സംഘവും ആശുപത്രിയിലെത്തി മൊഴിയെടുത്തു. പഴ്സിലുണ്ടായിരുന്ന മൂവായിരം രൂപ നഷ്ടപ്പെട്ടതായാണ് മൊഴി.

എറണാകുളത്ത് ജോലി നോക്കിയിരുന്ന രത്തൻ ദാസ് നാട്ടിൽ പോയി വന്ന ശേഷം വീണ്ടും തൊഴിലന്വേഷിച്ചാണ് താനൂരിലെത്തിയത്. സംഭവത്തിന് പിന്നിൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമൂഹികവിരുദ്ധ സംഘമാണെന്നാണ് സൂചന. സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. 

Leave a Reply

Your email address will not be published. Required fields are marked *