മലപ്പുറം: എടവണ്ണപ്പാറയിലെ പ്ലസ് വൺ വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. സിദ്ദീഖ് അലിയെയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി.
തിങ്കളാഴ്ച വൈകീട്ട് ആറോടെ വാഴക്കാട് മപ്രം മുട്ടുങ്ങൽ കടവിലാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നാണ് മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കരാട്ടെ പരിശീലകനെതിരെ വാഴക്കാട് പൊലീസിന് പിതാവ് പരാതി നൽകിയത്.
പരിശീലകൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിനാൽ പെൺകുട്ടി മാനസികമായി തളർന്നെന്നും പ്രതിയെ പിടികൂടണമെന്നും പരാതിയിൽ പറയുന്നു. പ്രതിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ചെയർമാനായി വിപുലമായ കമ്മിറ്റിയും രൂപവത്കരിച്ചു.