പൂക്കോട്ടൂർ: പാലക്കാട്ടെ ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് എൻ.ഐ.എ സംഘം പൂക്കോട്ടൂർ അറവങ്കരയിൽ തെളിവെടുപ്പ് നടത്തി. നടുക്കണ്ടി പാറഞ്ചേരി ശിഹാബിന്റെ വീട്ടിലാണ് ഞായറാഴ്ച ഉച്ചയോടെ മഞ്ചേരി പൊലീസിന്റെ അകമ്പടിയിൽ തെളിവെടുപ്പ് നടത്തിയത്.
വനിത പൊലീസ് ഇല്ലാതെ വന്ന സംഘം മഞ്ചേരി പൊലീസിന്റെ സഹായം തേടുകയായിരുന്നു. കൊച്ചി യൂനിറ്റിൽനിന്നുള്ള സംഘമാണ് പരിശോധനക്ക് എത്തിയത്. ഉച്ചക്ക് ആരംഭിച്ച നടപടികൾ മണിക്കൂറുകൾ നീണ്ടു.
പോപ്പുലർ ഫ്രണ്ട് നേതാവായിരുന്ന സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് 2022 ഏപ്രിൽ 16ന് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ടാണ് തുടരന്വേഷണം.