മലപ്പുറം: ജലാശയങ്ങളിലേക്ക് മാലിന്യം തള്ളുന്നവരെ പിടികൂടാൻ മിന്നൽ പരിശോധനയുമായി തദ്ദേശഭരണ സ്ഥാപനങ്ങൾ. മാലിന്യങ്ങൾ തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്യുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ജോസഫ് ചെറുകരക്കുന്നേൽ അറിയിച്ചു. പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിൽ ഒരേ സമയം പരിശോധന നടത്തുകയും നിയമലംഘനങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരം സമിതി ചെയർപേഴ്സൺമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വാർത്തകൾക്കായി ഉടൻ ഗ്രുപ്പിൽ ജോയിൻ ചെയ്യൂ >> https://chat.whatsapp.com/JvfOsCf1boiBUUGiWUviNb
വ്യാവസായിക, വാണിജ്യ സ്ഥാപനങ്ങൾ, ഫ്ലാറ്റ് സമുച്ചയങ്ങൾ എന്നിവയിൽനിന്നുള്ള ഖരദ്രവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതുമൂലം പല ജലാശയങ്ങളും മലിനീകരിക്കപ്പെട്ടിരിക്കുകയാണ്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിരന്തരമായ നിർദേശങ്ങൾ അവഗണിച്ചുകൊണ്ട് ഈ പ്രവൃത്തി തുടരുകയാണ്. കൊവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ പരിശോധനകളിലെ കുറവു നിമിത്തം ഈ പ്രവണത കൂടിയിട്ടുണ്ട്. ജൂൺ 28 നും ജൂലൈ 25നും സമാനമായ രീതിയിൽ പരിശോധനകൾ നടത്തിയിരുന്നു. ദ്രവ മാലിന്യങ്ങൾ ഡ്രൈനേജുകളിലേക്കും ജലസ്രോതസുകളിലേക്കും തുറന്നുവിട്ടതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ മജിസ്‌ട്രേറ്റ് കോടതിയിൽ പതിമൂന്ന് കേസുകൾ ഫയൽ ചെയ്യുകയും 75,000 രൂപ പിഴയായി ഈടാക്കുകയും ചെയ്തിരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം തടയാൻ ജില്ലയിൽ പരിശോധന കർശനമാക്കുമെന്നും കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.