വേങ്ങര: സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി വേങ്ങര മണ്ഡലത്തിലെ നാല് സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കണ്ണമംഗലം പഞ്ചായത്തിലെ ജി.എൽ.പി.എസ് എടക്കാപറമ്പ്, ഒതുക്കുങ്ങൽ പഞ്ചായത്തിലെ മുണ്ടോത്ത്പറമ്പ് ജി.യു.പി.എസ്, പറപ്പൂർ പഞ്ചായത്തിലെ ചോലക്കുണ്ട് ജി.യു.പി.എസ്, എ.ആർ നഗർ പഞ്ചായത്തിലെ കൊളപ്പുറം ജി.എച്ച്.എസ് എന്നീ സ്കൂളുകളുടെ കെട്ടിടങ്ങളുടെ ശിലാഫലകം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ അനാച്ഛാദനം ചെയ്തു. എല്ലാ സ്കൂളുകളിലും നടന്ന പരിപാടികളിൽ വിദ്യാഭ്യാസ വകുപ്പ് അധികൃതരും തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളും പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ ടൂറിലായതിനാൽ ആർക്കും പങ്കെടുക്കാനായില്ല.
വേങ്ങര: കേരള സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബിയുടെ ഒരു കോടി രൂപ ഉപയോഗിച്ച് നിർമിച്ച മുണ്ടോത്ത്പറമ്പ് ജി.യു.പി സ്കൂൾ കെട്ടിടം മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷെരീഫ് പൊട്ടിക്കല്ല് അധ്യക്ഷത വഹിച്ചു.
സ്കൂൾ ലീഡർ ദിയ ജാസ്മിൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഡയറ്റ് ഫാക്കൽട്ടി രജനി സുബോധ്, നസ്രിൻ, വാർഡ് അംഗം അബ്ദുൽഹമീദ്, നസീമ സിറാജ്, ഹസീന കുരുണിയൻ, കോറാടൻ നാസർ, സാജുദ്ദീൻ, മുഹമ്മദ് ഹനീഫ, സത്യനാഥൻ, എ.എ. കബീർ, ഉമ്മുകുൽസു എന്നിവർ സംസാരിച്ചു. സ്കൂളിൽ നടന്ന പരിപാടിയിൽനിന്ന് യു.ഡി.എഫ് നേതാക്കൾ വിട്ടുനിന്നു.
തേഞ്ഞിപ്പലം: കൊയപ്പ ജി.എം.യു.പി സ്കൂളില്‍ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്ലാന്‍ഫണ്ടില്‍നിന്ന് 1.16 കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
ശിലാഫലക അനാച്ഛാദനം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സാജിദ നിര്‍വഹിച്ചു. തേഞ്ഞിപ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. മിനി അധ്യക്ഷത വഹിച്ചു. വേങ്ങര ബി.പി.സിയിലെ കെ.എം. നൗഷാദ് പദ്ധതി വിശദീകരിച്ചു. പൊതുമരാമത്ത് വകുപ്പ് എൻജിനീയര്‍ ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് പ്രകാശന്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം. സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു.