പൊന്നാനി: ഓൺലൈൻ ബുക്കിങ് സംവിധാനം കൊണ്ടുവന്നതോടെ റസ്റ്റ് ഹൗസുകൾ ജനകീയ റസ്റ്റ് ഹൗസുകളായി മാറിയതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ റസ്റ്റ് ഹൗസുകളിൽനിന്ന് താമസയിനത്തിൽ എട്ടുകോടിയിലധികം രൂപയാണ് വരുമാനം ലഭിച്ചത്.
2021 നവംബറിനുശേഷം 52,079 പേരാണ് താമസത്തിന് റസ്റ്റ് ഹൗസുകൾ തിരഞ്ഞെടുത്തത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിൽ കോംപോസിറ്റ് ടെൻഡർ നടപ്പാക്കാൻ തീരുമാനിച്ചതായും റസ്റ്റ് ഹൗസുകൾ കൂടുതൽ ജനകീയവത്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊന്നാനി ചന്തപ്പടിയിലെ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം ഉത്തര മേഖല സൂപ്രണ്ടിങ് എൻജിനീയര്‍ സി. റിജോ റിന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിസിരിയ സൈഫുദ്ദീൻ, കെ.വി. ഷഹീർ, ഷംസു കല്ലാട്ടയിൽ, പൊന്നാനി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ടി. മുഹമ്മദ് ബഷീർ, മലപ്പുറം പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ കെ. മുഹമ്മദ് ഇസ്മായിൽ, പൊന്നാനി പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എൻജിനീയർ കെ.കെ. ഷിറാജ് തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയപ്രതിനിധികളും പങ്കെടുത്തു.