ഉത്തർ പ്രദേശിൽ ഹൈ ടെന്ഷൻ വയറിൽ നിന്നും ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു. ബഹ്റെയ്ചിൽ ആണ് സംഭവം. ആദ്യം ഷോക്കേറ്റയാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ബാക്കിയുള്ളവർക്ക് ഷോക്കേറ്റത്, രണ്ടു പേർക്ക് പരിക്കുണ്ട്.
ബറവാഫത്ത് ഘോഷയാത്രയ്ക്കിടെയാണ് വൻ അപകടം. 11,000 വോൾട്ട് ഹൈ ടെൻഷൻ ലൈനിൽ നിന്ന് ഷോക്കേറ്റാണ് അഞ്ചുപേരും മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവര്‍ സമീപത്തുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പിന്നീട് സ്ഥിതി വഷളായതോടെ രണ്ടുപേരെയും ലഖ്‌നൗ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അതേ സമയം സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസം നൽകാനും, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകി. നൻപാറ കോട്വാലിയിലെ മസുപൂരിൽ നബി ദിനത്തോടനുബന്ധിച്ച് നടന്ന റാലിയുടെ ഭാഗമായി അലങ്കാരത്തിനായി നിർമ്മിച്ച പ്ലോട്ട് ലൈനിൽ തട്ടിയാണ് അഞ്ചുപേരും മരിച്ചത്.
കൈവണ്ടിയിൽ ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ ഉൾപ്പെടെ നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നാലെ പ്രായപൂത്തിയാകാത്ത ഒരാൾ കൂടി ആശുപത്രിയിലേക്കുള്ള വഴിയിലും മരണത്തിന് കീഴടങ്ങി.
അഷ്റഫ് (20), സുഫിയാൻ, (12), പത്തുവയസുകാരായ മുഹമ്മദ് ഇല്യാസ്, നഫീസ് മുഹമ്മദ് അറഫാത്ത്, ഷഫീഖ് (14) എന്നിവരാണ് മരിച്ചത്. എല്ലാവരും ബഗ്ഗഡ്വ ഗ്രാമവാസികളാണ്. മുറാദ്, ചാന്ദ് ബാബു എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.