പാമ്പ് എന്ന് കേട്ടാല്‍ പടയും പേടിക്കും എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ഒഡിഷയിലെ ഒരു കുടുംബം പാമ്പുകള്‍ക്കായി സ്വന്തം വീട് തന്നെ നല്‍കിയിരിക്കുകയാണ്. ഒഡീഷയിലെ മല്‍ക്കന്‍ഗിരി ജില്ലയിലെ നിലിമാരി ഗ്രാമത്തിലെ ഒരു കുടുംബമാണ് പാമ്പുകള്‍ക്കായി വീട്ടിലെ മുറികള്‍ തന്നെ വിട്ട് കൊടുത്തിരിക്കുന്നത്.
ഉഗ്രവിഷമുള്ള പാമ്പുകള്‍ പെറ്റ് പെരുകിയതോടെ ഗ്രാമവാസികള്‍ പേടിയോടെയാണ് കുടുംബത്തെ കാണുന്നത്. പാമ്പുകളെ ഉപേക്ഷിക്കണം എന്ന് നിരവധി തവണ ഗ്രാമവാസികള്‍ പറഞ്ഞെങ്കിലും വീട്ടുകാര്‍ കേള്‍ക്കുന്നില്ല. വര്‍ഷങ്ങളായി വീട്ടുകാര്‍ പാമ്പുകള്‍ക്കൊപ്പമാണ് താമസിക്കുന്നത് എന്നാണ് ഒഡിഷ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൂലിത്തൊഴിലാളിയായ ലക്ഷ്മി ഭൂമിയയുടെ കുടുംബമാണ് പാമ്പുകളെ പോറ്റുന്നത്. ഒരിക്കല്‍ അവരുടെ വീട്ടിലെ ഒരു മുറിയില്‍ ചിതല്‍പുറ്റ് ഉണ്ടാക്കുന്ന രണ്ട് ഇണപാമ്പുകളെ കണ്ടെത്തിയിരുന്നു. അന്ന് മുതല്‍ പാമ്പുകള്‍ക്ക് സൈ്വര്യമായി ജീവിക്കാന്‍ ഇവര്‍ ആ മുറി ‘ഒഴിഞ്ഞുകൊടുക്കുകയായിരുന്നു’. എന്നിട്ട് പാമ്പുകളെ വീട്ടിലിരുത്തി പാല് കൊടുത്ത് പൂജിക്കുകയാണ്.
ലക്ഷ്മിക്ക് പാമ്പുകളെ വളരെയധികം ഇഷ്ടമാവുകയും അവയെ പ്രത്യേകം പരിപാലിക്കുകയും ചെയ്തു. ലക്ഷ്മി വിവാഹിതയായി പോയെങ്കിലും മാതാപിതാക്കള്‍ പാമ്പുകളെ പരിപാലിക്കുന്നത് തുടര്‍ന്ന് പോരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാമ്പുകളെ പാര്‍പ്പിക്കാന്‍ ഞാന്‍ വീട്ടില്‍ ഒരു ചെറിയ ക്ഷേത്രം സൃഷ്ടിച്ചിരുന്നു.
ഞാന്‍ അവയെ പരിപാലിക്കുകയും എല്ലാ ദിവസവും പാല്‍ കൊടുക്കുകയും ചെയ്തു. ഞാന്‍ ഒരിക്കലും അവരെ പുറത്തുള്ളവരായി കരുതിയിരുന്നില്ല, എന്നാണ് ലക്ഷ്മി പറയുന്നത്. എന്നാല്‍ വിവാഹത്തിന് ശേഷം തന്റെ കുടുംബം അവയെ ആരാധിക്കുന്നത് നിര്‍ത്തി എന്നും പക്ഷേ അവര്‍ ഇപ്പോഴും അവയ്ക്ക് ഭക്ഷണം നല്‍കുകയും സ്ഥലം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട് എന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. മുറിയില്‍ രണ്ട് വലിയ പാമ്പുകള്‍ ഉണ്ട് എന്നും എന്നാലും അവ കാരണം തങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല എന്നുമാണ് ലക്ഷ്മിയുടെ അമ്മ പറയുന്നത്.
a family in Nilimari village under Malkangiri’s Goudaguda panchayat has been living with a couple of Cobras inside their home for years