കീഴുപറമ്പ്: ചരിത്രപ്രസിദ്ധമായ തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്ര thrikalayur-temple പരിസരത്ത് കൈലാസത്തിന്റെ മാതൃക ഒരുക്കി ശ്രദ്ധ നേടുകയാണ് നാല് കലാകാരന്മാർ. തൃക്കളയൂർ സ്വദേശികളായ ശ്രീധരൻ എന്ന കുട്ടൻ, സുകുമാരൻ, സുരേഷ്, സബിൻ കുമാർ എന്നിവരാണ് പിന്നിൽ പ്രവർത്തിച്ചത്.
ആരെയും വിസ്മയിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. ക്ഷേത്രത്തിന്റെ മൂന്ന് സെൻറ് ഭൂമിയിൽ ദേവസ്വം ബോർഡിന്റെ അനുമതിയോടെയാണ് ശിൽപങ്ങൾ നിർമിച്ചത്. ശിവൻ, പാർവതി ദേവി, നന്ദികേശൻ എന്ന കാള, ശങ്ക് എന്നിവയാണ് ഇവിടെയുള്ളത്. കലാകാരനും പ്രവാസിയുമായ ശ്രീധരൻ എന്ന കുട്ടന്റെ ആഗ്രഹമാണ് കൈലാസത്തിന്റെ മാതൃകയിലേക്ക് എത്തിച്ചത്.
എന്നാൽ, ഇത് നിർമിക്കാനാവശ്യമായ സാമ്പത്തികശേഷി ഇവർക്കുണ്ടായിരുന്നില്ല. തുടർന്നാണ് വെട്ടുപാറ സ്വദേശി ബഷീറിനെ കുട്ടൻ സമീപിക്കുന്നത്. അദ്ദേഹത്തിന് ഇവരുടെ ആശയം ഇഷ്ടപ്പെടുകയും മുഴുവൻ ചെലവ് ഏറ്റെടുക്കാം എന്ന് അറിയിക്കുകയുമായിരുന്നു. ഇതോടെ കൈലാസം മതസൗഹാർദത്തിന്റെ വേറിട്ട പ്രതീകമായി മാറി. ഏകദേശം രണ്ടര ലക്ഷം രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്.
മണൽ, സിമൻറ്, കമ്പി എന്നിവ ഉപയോഗിച്ചായിരുന്നു നിർമാണം. രണ്ട് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയായി. തുടർന്ന് കൈലാസം തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി. ജാതിമതഭേദമില്ലാതെ നിരവധി പേരാണ് കൈലാസം കാണാനും ഫോട്ടോയെടുക്കാനും എത്തുന്നത്.